പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനകൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവനും അച്ഛനുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
2020 ക്രിസ്‌മസ് ദിനത്തിൽ പൊതുസ്ഥലത്തു വച്ച് അനീഷ് (27) നെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന്‍റെ 88-ാം നാളിലായിരുന്നു കൊലപാതകം. മേൽജാതിക്കാരിയായ ഹരിതയെ പിന്നോക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കേസിൽ സുരേഷ് ഒന്നാം പ്രതിയും പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
പെയിന്‍റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.