
ചെന്നൈ: കേരളത്തിനു കേന്ദ്ര റെയിൽവേ മന്ത്രാലയം മൂന്നാമതൊരു വന്ദേ ഭാരത് ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. ചെന്നൈ - ബംഗളൂരു - എറണാകുളം റൂട്ടിൽ ഓടുന്ന ട്രെയിൻ തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ ആകെ എട്ടു സർവീസുകളാണ് ഉദ്ദേശിക്കുന്നത്. ചെന്നൈ - ബംഗളൂരു, ബംഗളൂരു - എറണാകുളം സൗത്ത് എന്നിങ്ങനെയാകും സർവീസുകൾ. ദീപാവലിക്ക് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലോടുന്ന ഈ ട്രെയിനുകളെക്കാൾ അന്തർ സംസ്ഥാന യാത്രക്കാർക്ക് പ്രയോജനപ്പെടുന്നത് വരാനിരിക്കുന്ന മൂന്നാമത്തെ സർവീസ് ആയിരിക്കും. പഠനത്തിനും ജോലിക്കും എല്ലാമായി ചെന്നൈയിലും ബംഗളൂരുവിലും തങ്ങുന്ന മലയാളികൾക്കായിരിക്കും ഇതിന്‍റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക. വാരാന്ത്യങ്ങളിൽ ഈ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളിൽ അനഭവപ്പെടുന്ന തിരക്കും പുതിയ സർവീസോടെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.