

Rajeev Chandrasekhar
"അടുത്ത തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ എത്തും'' - ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ പാർട്ടി മുന്നോട്ട് വച്ച പ്രധാന പ്രചരണങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോഴിതാ, പറഞ്ഞത് അതേപടി യാഥാർഥ്യമായിരിക്കുകയാണ്.
തലസ്ഥാനത്തെ ചെങ്കോട്ട തകർത്ത് ബിജെപി അവിടെ താമര വിരിയിച്ചിരിക്കുന്നു. എൽഡിഎഫിനെയും യുഡിഎഫിനെയും അട്ടിമറിച്ച് നൂറിൽ 50 സീറ്റുകൾ നേടി മിന്നും വിജയമാണ് ബിജെപി സ്വന്തമാക്കിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മുന്നിൽ നിർത്തിയായിരുന്നു ബിജെപിയുടെ പ്രചരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖരിന് കിട്ടിയ പിന്തുണയുടെ ബാക്കി പത്രമെന്ന് ഈ വിജയത്തെ വിലയിരുത്താം.
അടുത്ത ചോദ്യം ആരാവും മേയർ എന്നതാണ്. ആർ. ശ്രീലേഖയാണ് കൂട്ടത്തിൽ പ്രശസ്തയെങ്കിലും മേയർ പദവി ഉറപ്പിക്കാറായിട്ടില്ല. സർപ്രൈസ് മേയറെ വരെ പ്രതീക്ഷിക്കാം. വികസന രാഷ്ട്രീയം മാത്രം മുൻനിർത്തിയാണ് ബിജെപി ഇത്തവണ പ്രചരണം നടത്തിയിരുന്നത്.
2036 ൽ നടക്കുന്ന ഒളിംപിക്സിന് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റമെന്നതായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എല്ലാവർക്കും വീട്, തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരങ്ങളിലൊന്നാക്കും തുടങ്ങിയ വലിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വച്ചിരുന്നത്.
2015 ൽ തദ്ദേശ തെരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ബിജെപിയുടെ കൈയിലുണ്ടായിരുന്നത് വെറും 7 സീറ്റുകൾ മാത്രമാണ്. എന്നാലന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സിപിഎമ്മും കോൺഗ്രസും ഞെട്ടി. 35 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 43 ലേക്ക് എൽഡിഎഫ് ഒതുങ്ങുകയും ചെയ്തു. സിപിഎമ്മിന്‍റെ 21 സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്‍റെ പിന്തുണയോടെയാണ് എൽഡിഎഫ് അന്ന് കോർപ്പറേഷൻ ഭരിച്ചത്. 2020 ലും ബിജെപി 35 സീറ്റുകൾ തന്നെ നേടി. ഇക്കുറി അത് 50 ലേക്ക് കുതിച്ചിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ളയും, ലൈംഗിക പീഡന പരാതികളുമായി രാഷ്ട്രീയ വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടപ്പോൾ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത് വികസനങ്ങളിലായിരുന്നു. വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രൊ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളാണ് രാജീവ് ചന്ദ്രശേഖർ നയിച്ച ബിജെപി ഉയർത്തിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജീവ് ചന്ദ്രശേഖറിനെയും മുന്നിൽ നിർത്തി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് കരുതേണ്ടത്.
വിജയത്തിന് പിന്നാലെ 'തിരുവനന്തപുരത്തിന് നന്ദി' എന്ന് പ്രതികരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് 3 മാസം മാത്രം ബാക്കി നിൽക്കെ ഈ വിജയം ബിജെപിക്ക് ഇത് വലിയ കരുത്തേകും.