
ഡോ. ഹാരിസ്
തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറക്കൽ. തന്നെ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ലെന്നും, അറിയാവുന്നവര്‍ പോലും സഹായിച്ചില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
മുപ്പതിലേറെ വർഷമായി ഒപ്പമുള്ളവരാണ്. എന്നിട്ടും എന്തിനാണ് അവർ തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്നറിയില്ല. ചികിത്സയിൽ കഴിയുന്നതിനിടെ തെറ്റായ റിപ്പോർട്ട് മുകളിലേക്ക് അയച്ചുകൊടുത്തു. കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് തന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ.
അവസ്ഥ മനസിലാക്കാതെ കൂടുതൽ തന്നെ സമ്മർദത്തിലാക്കി. ഇത് നീതികേടാണെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചു. ആര്‍ക്കെതിരേയും ഒരു പരാതിയുമായി താന്‍ ഇനി മുന്നോട്ടില്ല. തന്‍റെ വകുപ്പ് ഇനിയും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഇവരുടെയെല്ലാം പിന്തുണ ആവശ്യമാണ്. ഒരു ശത്രുതയുമില്ല. പല വകുപ്പുകളിലെ ഡോക്റ്റര്‍മാര്‍ ഒന്നിച്ചാലെ മെഡിക്കൽ കോളെജിലെ ചികിത്സാ സംവിധാനം മുന്നോട്ടുപോകൂവെന്നും ഡോ. ഹാരിസ് പറഞ്ഞു.
നേരത്തെ, ചില സഹപ്രവർത്തകർ തന്നെ കുടുക്കാൻ നോക്കിയെന്ന് ഡോ. ഹാരിസ് കെജിഎംസിടിഎ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആരോപിച്ചിരുന്നു.
കേരളം കൂടെ നിന്നു, പക്ഷേ, ചില സഹപ്രവർത്തകർ കുടുക്കാൻ നോക്കി. 'വെള്ളിത്തുട്ടുകൾക്കായി മരണത്തിലേക്ക് തള്ളിവിടാൻ ശ്രമിച്ചു' എന്നും 'അവർക്ക് കാലം മാപ്പു നൽകട്ടെ' എന്നുമായിരുന്നു അദ്ദേഹം എഴുതിയത്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള പ്രതികരണം.