
തിരുവനന്തപുരം കലക്റ്ററേറ്റിലെ ബോംബ് ഭീഷണി; സബ് കലക്റ്റർക്കുൾപ്പെടെ തേനീച്ചയുടെ കുത്തേറ്റു
തിരുവനന്തപുരം: ബോംബ് ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം കലക്റ്ററേറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിശോധന തുടരുന്നതിനിടെ കലക്റ്ററേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു.
തിരുവനന്തപുരം സബ് കലക്റ്റർ ഒ.വി. ആല്‍ഫ്രഡ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്റ്ററേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും തേനീച്ചയുടെ കുത്തേറ്റു.
പരിശോധന നടന്നുക്കൊണ്ടിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടെയാണ് തേനീച്ചക്കൂട് ഇളകി വീണത്. പരുക്കേറ്റ ചിലരെ പേരൂർക്കട ആശുപത്രിയിലേക്കും ഗുരുതരമായി പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റി.
പത്തനംതിട്ട കലക്റ്ററേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ കലക്റ്ററേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയായിരുന്നു. അഫ്സൽ ഗുരുവിന് നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വച്ചിരിക്കുന്നതെന്നായിരുന്നു പത്തനംതിട്ട കലക്റ്ററേറ്റിൽ ലഭിച്ച സന്ദേശം. ഇതിനു സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തു ലഭിച്ച മെയിലിലും ഉണ്ടായിരുന്നതെന്ന് കലക്റ്റർ സ്ഥിരീകരിച്ചു. അതേസമയം, ബോംബ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം.