അച്ചു ഉമ്മൻ മിടുമിടുക്കി, പക്ഷേ അന്തിമ തീരുമാനം പാർട്ടിയുടേത്; ലോക്സഭാ സ്ഥാനാർഥിത്വത്തിൽ പ്രതികരിച്ച് തിരുവഞ്ചൂർ

മക്കൾ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോഴും യോഗ്യത തന്നെയാണ് എല്ലാത്തിന്‍റെയും മെറിറ്റ് എന്നും അദ്ദേഹം കോട്ടയത്ത് പ്രതികരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, അച്ചു ഉമ്മൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ, അച്ചു ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി ആകുന്നതിനോട് പൂർണ യോജിപ്പാണ് തങ്ങൾക്കെല്ലാവർക്കും ഉളളതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മൻ സ്ഥാനാർഥിയാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്‍റെ മറുപടി. പക്ഷേ സ്ഥാനാർഥിത്വത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മക്കൾ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോഴും യോഗ്യത തന്നെയാണ് എല്ലാത്തിന്‍റെയും മെറിറ്റ് എന്നും അദ്ദേഹം കോട്ടയത്ത് പ്രതികരിച്ചു.

താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചിരുന്നെന്ന പഴയ കാര്യങ്ങളൊന്നും കുത്തിപ്പൊക്കി വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ല. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നത് കോൺഗ്രസ് രീതിയാണ്. അന്നത്തെ പാർട്ടി പ്രസിഡന്‍റിന്‍റെ തീരുമാനത്തിന്‍റെ ഉള്ളടക്കം ഉമ്മൻ ചാണ്ടിക്ക് അറിയാമോ എന്നറിയില്ല. അദ്ദേഹത്തിന്‍റെ ആത്മകഥയെക്കുറിച്ച് ആക്ഷേപമൊന്നും ഉന്നയിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സീനിയോരിറ്റി നോക്കിയാൽ പലർക്കും പ്രതിപക്ഷ നേതാവാകാം. പക്ഷേ പാർലമെന്‍ററി പാർട്ടി ലീഡർ ആകാൻ പല പരിഗണനകളും ഉണ്ടാകുമെന്നും വി.ഡി സതീശന്‍റെ നിലവിലുള്ള പെർഫോമൻസ് മികച്ചതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താ സമ്മേളനത്തിനിടയിലെ കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും തർക്കം, ഒറ്റപ്പെട്ട സംഭവമാണെന്നും ഒറ്റ ടീമായി നിന്നു കൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.