''നിനക്കുളള ആദ്യ ഡോസാണ് ഇത്'', പരുക്കേറ്റ് ചികിത്സയിൽ കഴിയുമ്പോഴും യുവതിക്ക് പ്രതിയുടെ ഭീഷണി

പീഡന ശ്രമത്തിൽ രക്ഷ നേടാനാണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതെന്നും പെൺകുട്ടി പറഞ്ഞു.
'this is your first dose'; the accused's threat even while undergoing treatment for injuries
പ്രതി ദേവദാസ്
Updated on

കോഴിക്കോട്: മുക്കത്തെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് മുൻപും തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നുമാണ് പെൺകുട്ടി വ്യക്തമാക്കിയത്.

പീഡന ശ്രമത്തിൽ രക്ഷ നേടാനാണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതെന്നും പെൺകുട്ടി പറഞ്ഞു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമാണ് പെൺകുട്ടി സംഭവങ്ങൾ വെളിപ്പെടുത്തിയത്.

ചികിത്സയിലിരിക്കെ ദേവദാസ് ഭീഷണി സന്ദേശം അയച്ചെന്നും "നിനക്കുളള ആദ്യ ഡോസാണ് ഇതെന്ന്' ദേവദാസ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി.

ഹോട്ടലില്‍ ജോലി ഇല്ലാത്ത സമയത്തും മദ്യപിച്ചെത്തുന്ന ദേവദാസ് തന്നോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവദിവസം തന്‍റെ കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ താന്‍ അതിന് തയ്യാറായില്ല. രാത്രി വീട്ടിലിരുന്ന് ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.

ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായി ഉന്തും തള്ളുമുണ്ടായപ്പോഴാണ് കൈതട്ടി ഫോണിലെ വീഡിയോ റെക്കോര്‍ഡ് ഓണായത്. അവരുടെ കൈയിൽ മാസ്കും ടേപ്പും ഉണ്ടായിരുന്നുവെന്നും, ഇത് കണ്ടതോടെ താൻ അലറി കരയുകയായിരുന്നു എന്നും യുവതി.

അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരുക്കുപറ്റി കിടന്ന തന്നെ മറ്റൊരു പ്രതിയായ റിയാസ് അകത്തേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോള്‍ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ഹോട്ടലുടമ പറഞ്ഞിരുന്നു.

പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്ന യുവതി ശനിയാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തില്‍ സങ്കേതം ഹോട്ടലുടമയായ ദേവദാസും ജീവനക്കാരായ റിയാസും സുരേഷ് ബാബുവും നേരത്തെ അറസ്റ്റിലായിരുന്നു. റിമാന്‍ഡിൽ കഴിയുന്ന മൂവരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ദേവദാസ് യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com