
തോമസ് ആന്‍റണി
കോട്ടയം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും, കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെയും, കോട്ടയം പ്രസ് ക്ലബിന്‍റെയും മുന്‍ സെക്രട്ടറിയും മെട്രൊവാര്‍ത്ത എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റുമായിരുന്ന തോമസ് ആന്‍റണിയുടെ ജന്‍മദിനമായ ഓഗസ്റ്റ് 30ന് വൈകിട്ട് 4ന് വിവിധ പരിപാടികളോടെ കോട്ടയത്ത് 'ചിത്രസ്മൃതി' നടക്കും. തോമസ് ആന്‍റണിയുടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശന ഉദ്ഘാടനവും, ഓര്‍മ പുസ്തകത്തിന്‍റെ പ്രകാശനവും, ഓര്‍മകൂട്ടായ്മയും കോട്ടയത്തെ ഡി.സി ബുക്സ് ഓഡിറ്റോറിയത്തില്‍ നടക്കും.
കേരള ലളിതകലാ അക്കാഡമി ഡി.സി. കിഴക്കേമുറി ഇടം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണ്‍ അക്കാഡമി ചെര്‍പേഴ്സണ്‍ സുധീര്‍നാഥ് അധ്യക്ഷത വഹിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാഡമി തയ്യാറാക്കിയ 'തോമസ് ആന്‍റണി' ഓര്‍മ പുസ്തകം, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പ്രകാശനം ചെയ്യും. ആദ്യ കോപ്പി തോമസ് ആന്‍റണിയുടെ ഭാര്യ മോളമ്മ തോമസ് ഏറ്റുവാങ്ങും.
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി എ. സതീഷ്, ട്രഷറര്‍ ബി. സജ്ജീവ്, ഉല്ലാസ് തോമസ്, കെ.വി.എം. ഉണ്ണി തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനം സെപ്റ്റംബര്‍ ഏഴ് വരെയുണ്ടാകുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി എ. സതീഷ് പറഞ്ഞു.