മസാല ബോണ്ട് ഇറക്കിയത് ആർബിഐയുടെ അംഗീകാരത്തോടെ; ഇഡി നടത്തുന്നത് രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് കാലത്ത് ഇഡിയുടെ സ്ഥിര പരിപാടിയാണിതെന്ന് തോമസ് ഐസക്
ഇഡി നടത്തുന്നത് രാഷ്ട്രീയ കളി
Thomas Isaac
Updated on

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തനിക്കും, മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് ലഭിച്ചുവെന്ന് തോമസ് ഐസക് സ്ഥിരീകരിച്ചു.

ഇഡി നടത്തുന്നത് രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് ആരോപിച്ചു.

ബോണ്ട് ഇറക്കിയത് ആർബിഐയുടെ അനുവാദത്തോടെയാണ്. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇഡിയുടെ നോട്ടീസ് ബിജെപിക്കും, യുഡിഎഫിനും വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു. ഇത് കേരളം പുച്ഛത്തോടെ തള്ളുമെന്നും തോമസ് ഐസക് പറഞ്ഞു.

മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണം. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിന് ശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് ആയ സമയത്ത് വീണ്ടും കുത്തിപ്പൊക്കി. ബിജെപിക്ക് വേണ്ടി ഇഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ആദ്യത്തെ ഇഡിയുടെ വാദം കിഫ്ബിക്ക് മസാല ബോണ്ടിറക്കാൻ അനുവാദമില്ലെന്നായിരുന്നു.

എന്നാൽ ആർബിഐ അനുവാദത്തോടെയാണ് എല്ലാ നടപടിയും സ്വീകരിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് ഹാജരാകാൻ നോട്ടീസ് നൽകി. ആ നോട്ടീസിൽ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകളല്ല ചോദിച്ചത്. തൻ്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട്, താൻ ഡയറക്ടറായിരുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യപ്പെട്ടത്. ഇതെന്തിനെന്ന് ചോദിച്ചാണ് താൻ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോൾ തൻ്റെ പക്കൽ നിന്ന് ആവശ്യപ്പെട്ട രേഖകളുടെ എണ്ണം കുറച്ചു. വിളിപ്പിക്കാനുള്ള കാരണം ചോദിച്ച് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. എന്നിട്ടും ഇതുവരെ ഇഡിക്ക് ആ കാര്യത്തിൽ മറുപടി പറയാനായില്ല.

ഇഡിയുടെ രാഷ്ട്രീയ യജമാനന്മാർക്ക്, കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇതായിരിക്കും. ഇത്രയും കോടിയുടെ ഇടപാട് നടക്കുമ്പോൾ എന്തെങ്കിലും കൈക്കലാക്കിയിരിക്കും എന്നാണ് അവർ കരുതിയത്. ആ കേസിൽ തന്നെ വിളിപ്പിക്കാതെ അന്വേഷണം പൂർത്തിയാക്കി. അതിന് ശേഷമാണ് അഡ്‌ജുഡിക്കേഷൻ അതോറിറ്റിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതിൻ്റെ കാരണം കാണിക്കൽ നോട്ടീസാണ് തനിക്കും മുഖ്യമന്ത്രിക്കും അടക്കം അയച്ചിരിക്കുന്നത്. ഈ മസാല ബോണ്ട് വഴി എടുത്ത പണം, 2600 കോടിയിലേറെ രൂപ ഭൂമി ഏറ്റെടുക്കാൻ ഉപയോഗിക്കരുതെന്നാണ് ഇപ്പോഴത്തെ വാദം.

ഈ 2600 കോടിയിൽ ഒരു ഭാഗം ഭൂമിയേറ്റെടുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് ഭൂമി വാങ്ങിയിരിക്കുന്നു എന്നതാണ്. ഉത്തരം ലളിതമാണ്. ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആർബിഐ മാറ്റിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തള്ളുന്ന കാര്യത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപിക്കുള്ള പാദസേവയാണ് ഇഡി ചെയ്യുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com