

സിപിഎം പുറത്താക്കിയപ്പോൾ സ്വതന്ത്രരായി മത്സരിച്ചു, ബിനു പുളിക്കക്കണ്ടവും മകൾക്കും സഹോദരനും വിജയം
പാലാ: ഈ വിജയം ബിനു പുളിക്കക്കണ്ടത്തിന്‍റെ മധുരപ്രതികാരം. ബിനുവും മകൾ ദിയ ബിനുവും സഹോദരൻ ബിജു പുളിക്കക്കണ്ടവുമാണ് പാലാ നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് ബിനു സ്വതന്ത്രനായി മത്സരിച്ചത്. ഇനി പാലാ നഗരസഭ ആര് ഭരിക്കും എന്ന് ഇവർ മൂന്ന് പേർ തീരുമാനിക്കും.
പാലാ നഗരസഭയിലെ 13, 14,15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.