ബ്യൂട്ടി പാർലർ വ്യാജ ലഹരി കേസിൽ യഥാർഥ പ്രതികളെ കണ്ടെത്തും: മന്ത്രി | Video
തൃശൂർ: ബ്യൂട്ടി പാർലർ വ്യാജ ലഹരി കേസിലെ യഥാർഥ പ്രതികളെ തീർച്ചയായും കണ്ടെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ഷീല സണ്ണിയെ ചാലക്കുടയിലെ ബ്യൂട്ടി പാർലറിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരും വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ എക്സൈസ് വകുപ്പിന്‍റെ കൃത്യനിർവഹണം ദുരുപയോഗം ചെയ്യരുത്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന നിർദേശം എക്സൈസ് വകുപ്പിന് നൽകിയതായും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആർക്കും നേരിടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞയുടനെ ഷീലയെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കുവാൻ നിർദ്ദേശം നൽക്കി ഒഴിവാക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യുകയും കേസ് ശരിയായ രീതിയിൽ അന്വേഷണം നടന്നു വരികയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതിമാരക ലഹരിമരുന്നായ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചെന്നും വിൽപ്പന നടത്താൻ ശ്രമിച്ചെന്നുമുള്ള വ്യാജ കേസിൽ ഫെബ്രുവരി 27നാണ് ബ്യൂട്ടി പാർലർ ഉടമായ ഷീല സണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞതോടെയാണ് വ്യാജകേസാണെന്ന് മനസ്സിലായത്. ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞ ഷീലക്ക് പുതിയൊരു ജീവിതത്തനായി തണൽ ഒരുക്കി കൊടുത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ ഷീ റ്റൈൽ ബ്യൂട്ടി പാർലറിലെത്തിയാണ് മന്ത്രി ഷീല സണ്ണിയെ സന്ദർശിച്ചത്. മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോയി മൂത്തേടൻ, സെക്രട്ടറി റെയ്സൻ ആലുക്ക, പാർട്ടി ജില്ലകമ്മിറ്റി അംഗം യു.പി.ജോസഫ്, ഏരിയ സെക്രട്ടറി കെ.എസ് അശോകൻ തുടങ്ങിയവരും മന്ത്രികൊപ്പം ഉണ്ടായിരുന്നു.