

ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി: സർക്കാരിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് പാറമേക്കാവ്
തൃശൂർ: തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചതിനു പിന്നാലെ തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്‍റെ ശ്രദ്ധ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തൃശൂര്‍പൂരം വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. സർക്കാർ തീരുമാനത്തിനൊപ്പം നല്‍ക്കും. പൂരം വെടിക്കെട്ട് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങൾ എടുത്തിട്ടില്ല. സർക്കാർ പറയുന്ന തീരുമാനങ്ങൾ അത് ഏതായാലും അംഗീകരിക്കുമെന്ന് ജി. രാജേഷ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി പൂരത്തിന്റെ ചടങ്ങുകൾ മാത്രം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പറയുന്നത്. വെടിക്കെട്ട് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച ശേഷം കൈക്കൊള്ളും. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത് വർഷത്തോളമായി തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ട് ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ആഘോഷ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ബിനീഷ് എന്നിവർ അപകടത്തിൽ മരിച്ചു. രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരമെന്നും ഇവരുടെ നിലയെക്കുറിച്ച് നിലവിൽ അറിവില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എല്ലാ കാര്യങ്ങളും നിയമാനുസൃതമായാണ് ചെയ്തിരുന്നത്. പരിശോധനയിൽ നിരോധിത വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തിൽ അട്ടിമറി സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദഗ്ധ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.