thrissur mayor election, lali james against congress

ലാലി ജെയിംസ്, നിജി ജസ്റ്റിൻ

"കൊടുക്കാൻ എന്‍റെ കൈയിൽ ചില്ലികാശില്ല", ഇടഞ്ഞ് ലാലി ജെയിംസ്; തൃശൂർ മേയർ പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിൽ തമ്മിലടി

പണം കൈപ്പറ്റിയാണ് മേയർ പദവിയിൽനിന്ന് തന്നെ തഴഞ്ഞതെന്നാണ് ലാലിയുടെ ആരോപണം
Published on

തൃശൂർ: തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിൽ തമ്മിലടി. മേയർ സ്ഥാനാർഥി പട്ടികയിൽ പ്രഥമ പരിഗണനയിലുണ്ടായിരുന്ന ലാലി ജെയിംസ് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. പണം കൈപ്പറ്റിയാണ് മേയർ പദവിയിൽനിന്ന് തന്നെ തഴഞ്ഞതെന്നാണ് ലാലിയുടെ ആരോപണം. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് വിപ്പ് സ്വീകരിക്കാൻ ലാലി തയ്യാറായില്ല.

മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയാമല്ലോയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. എന്‍റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവർത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നൽകി. കഴിഞ്ഞദിവസം രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കൾ അവിടെ ഉണ്ടായിരുന്നു. ടി.എൻ. പ്രതാപൻ, വിൻസെന്റ്, ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ഒരു വർഷത്തേക്ക് തന്നെ പരിഗണിക്കണമെന്ന് പറഞ്ഞിട്ടും അംഗീകരിച്ചില്ല.

''എന്റെ കൈയിൽ നൽകാൻ ചില്ലികാശില്ല. പാർട്ടി ഫണ്ടോ മറ്റു കാര്യങ്ങളോ കൊടുക്കാൻ തയ്യാറുള്ള ഒരാളെ തെരഞ്ഞെടുത്തുവെന്ന് എനിക്ക് സംശയം ഉണ്ട്. പണവുമായി ഭാര്യയും ഭർത്താവും പോകുന്നുവെന്ന് പുറത്തുള്ളവർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ സംശയമുണ്ട്''- ലാലി ജെയിംസ് പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൽ നിജി ജസ്റ്റിനെ കണ്ടിട്ടില്ലെന്നും ലാലി പറഞ്ഞു.

പിന്നാലെ ലാലിക്ക് മറുപടിയുമായി നിജി ജസ്റ്റിൻ രംഗത്തെത്തി. ''വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളിൽ പകയ്ക്കുന്നയാളല്ല. 28 വർഷമായി പാർട്ടി പ്രവർത്തകയാണ്. സ്ഥാനമാനങ്ങൾ വരും പോകും. മേയർ തെരഞ്ഞെടുപ്പിൽ മുഴുവൻ കോൺഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതിൽ കൂടുതലും കിട്ടാൻ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാൻ ഇല്ല. പറയേണ്ടത് പാർട്ടി പറയും''- നിജി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com