പൂരം ഇന്ന് പൂത്തിറങ്ങും

വാദ്യഘോഷങ്ങളും ദൃശ്യചാരുതയും സമ്മോഹനമായി സംഗമിക്കുന്ന ഭൂമിയിലെ ദേവോത്സവം
പൂരം ഇന്ന് പൂത്തിറങ്ങും

എം.എ. ഷാജി

തൃശൂർ: ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ ഒരാണ്ടിന്‍റെ കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും വിരാമം. കാഴ്ചകളുടെ വസന്തോത്സവമായ തൃശൂർ പൂരം ഇന്ന്. വാദ്യഘോഷങ്ങളും ദൃശ്യചാരുതയും സമ്മോഹനമായി സംഗമിക്കുന്ന ഭൂമിയിലെ ദേവോത്സവം.

30 മണിക്കൂര്‍ നീളുന്ന പൂരങ്ങളുടെ പൂരത്തിന്‍റെ മതിവരാ കാഴ്ചകള്‍ക്കായി പൂരനഗരി ഒരുങ്ങി. വടക്കുന്നാഥന്‍റെ മണ്ണില്‍ പൂരം കൊട്ടികയറുമ്പോള്‍ മണ്ണും വിണ്ണും ആഘോഷ കാഴ്ചകളാല്‍ നിറയും. നാടും നഗരവുമെല്ലാം ഇനി വര്‍ണ- നാദ- ദൃശ്യ വിസ്മയങ്ങളുടെ ലഹരിയിലേക്ക്. വഴികളായ വഴികളെല്ലാം ഇനി വടക്കുന്നാഥന്‍ കുടി കൊള്ളുന്ന പൂരനഗരിയിലേക്ക്. നാട്ടിടവഴികളില്‍, നഗരവീഥികളില്‍ ആനകളുടെ ചങ്ങലക്കിലുക്കവും മേളപ്പെരുക്കവും പൂരചന്തവും നിറയുകയായി. പൂരാസ്വാദകരുടെ മനസില്‍ ഇനി ആഘോഷ തിമിര്‍പ്പിന്‍റെ മണിക്കൂറുകള്‍.

ദേശദൈവങ്ങളുടെ സാന്നിധ്യമറിയിച്ച് ഇന്ന് രാവിലെ 7.30ന് ഘടകപൂരമായ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാന്‍ ആദ്യം എത്തുന്നതോടെ പൂരത്തിന് തുടക്കമാകും. പിന്നീട് സമയക്രമമനുസരിച്ച് മറ്റു ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നെള്ളി വടക്കുന്നാഥനെ പ്രണമിക്കാനെത്തും.

തിരുവമ്പാടി ഭഗവതി രാവിലെ 7.30ന് നടപ്പാണ്ടി കൊട്ടി പൂരപുറപ്പാടിനിറങ്ങും.

തിരുവമ്പാടി അർജുനനാണ് ഭഗവതിയുടെ തിടമ്പേറ്റുക. പഴയനടക്കാവ് നടുവില്‍ മഠത്തില്‍ 11.30ന് കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിടുന്നതോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് തുടക്കമാകും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. ഉച്ചയ്ക്ക് രണ്ടിന് പഞ്ചവാദ്യം സമാപിച്ചാൽ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ മേളം ആരംഭിക്കും.

ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളും. കൊമ്പൻ ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാകുമ്പോള്‍ ചെമ്പടതാളം നഗരത്തില്‍ മുഴങ്ങും. ഉച്ചയ്ക്ക് രണ്ടോടെ എഴുന്നെള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തുമ്പോള്‍ മേള പ്രേമികളുടെ ഹൃദയതാളം കൂട്ടുന്ന "ഗ്രേറ്റ് സിംഫണി' എന്നറിയപ്പെടുന്ന ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാകും. രണ്ടര മണിക്കൂറോളം നീളുന്ന ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുന്നതോടെ തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാരുടെ "ദൈവീക സദസ്' എന്നറിയപ്പെടുന്ന തെക്കോട്ടിറക്കം. പിന്നീട് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിരക്കും. വൈകീട്ട് 5ന് ലോകമെമ്പാടുമുള്ള പൂരാസ്വാദകര്‍ കാത്തിരിക്കുന്ന വാനില്‍ വര്‍ണങ്ങള്‍ നീരാടുന്ന കുടമാറ്റം. രാത്രി ഏഴ് വരെ നീളുന്ന കുടമാറ്റത്തോടെ പകല്‍പ്പൂരത്തിന് സമാപനമാകും. രാത്രിയിലും പൂരം തനിയാവര്‍ത്തനങ്ങള്‍.

നാളെ പുലര്‍ച്ചെ മൂന്നിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ മാനത്ത് പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ടിന്‍റെ വര്‍ണലോകം ചമയ്ക്കും. രാവിലെ ഏഴിന് പാറമേക്കാവും 8.30ന് തിരുവമ്പാടിയും 15 വീതം ഗജവീരന്മാരുടെ അകമ്പടിയോടെ പകല്‍ പൂരം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് മേളത്തോടെയുമുള്ള എഴുന്നെള്ളിപ്പ് സമാപിക്കും. പിന്നീട് വടക്കുന്നാഥനെ വണങ്ങി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരങ്ങളുടെ പൂരത്തിന് സമാപനമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com