
ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂർ പൂരം കൊടിയിറങ്ങി
എം.എ. ഷാജി
തൃശൂർ: ശ്രീ വടക്കുന്നാഥനെ സാക്ഷിയാക്കി "ഇനി അടുത്ത മേടത്തിലെ പൂരത്തിന് കാണാമെന്ന് ' വാക്ക് നൽകി ദേവസോദരിമാരായ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാറും പ്രതീകാത്മകമായി മൂന്ന് തവണ തുമ്പിക്കൈ ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. ഭഗവതിമാരുടെ വികാരനിർഭരമായ യാത്രാമൊഴിയോടെ 30 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിന് പരിസമാപ്തി.
വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് പതിനായിരങ്ങളുടെ ആഹ്ലാദാരവങ്ങൾക്കിടെ ഭഗവതിമാർ ഉപചാരം ചൊല്ലിയത്. പാറമേക്കാവിന്‍റെ പകൽപ്പൂരം മണികണ്ഠനാലിൽ നിന്നും തിരുവമ്പാടിയുടെ പകല്‍പ്പൂരം നായ്ക്കനാലിൽ നിന്നും ആരംഭിച്ചു. 15 വീതം ഗജവീരന്‍മാരുടെയും പാണ്ടി മേളത്തിന്‍റെയും അകമ്പടിയോടെയാണ് ഇരു വിഭാഗം എഴുന്നെള്ളിപ്പുകളും വടക്കുന്നാഥ ക്ഷേത്രം പടിഞ്ഞാറെ നടയിലെത്തിയത്. തിരുവമ്പാടിയുടെ മേളത്തിന് കിഴക്കൂട്ട് അനിയൻമാരാരും പാറമേക്കാവിന്‍റെ മേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരും പ്രമാണികത്വം വഹിച്ചു.
ശ്രീമൂലസ്ഥാനത്തേക്കുള്ള യാത്രക്കിടെ ഇരുവിഭാഗവും ചെറിയ തോതിൽ കുടമാറ്റവും നടത്തി. എഴുന്നെള്ളിപ്പുകള്‍ ശ്രീമൂലസ്ഥാനത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് വടക്കുന്നാഥ ക്ഷേത്ര പരിസരം സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരങ്ങളാല്‍ തിങ്ങി നിറഞ്ഞിരുന്നു. മേള പ്രേമികളെ ത്രസിപ്പിച്ച പാണ്ടി മേളം കൊട്ടിക്കലാശിച്ചപ്പോൾ പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടെയും 14 വീതം ആനകൾ ക്ഷേത്രങ്ങളിലേക്ക് മടങ്ങി. പിന്നീട് തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാനായി ക്ഷേത്രത്തിനകത്തേക്ക് പോയപ്പോള്‍ പാറമേക്കാവ് ഭഗവതി നടുവിലാലില്‍ പോയി തിരിച്ചെത്തി ശ്രീമൂലസ്ഥാനത്ത് ദീപസ്തംഭത്തിനരികില്‍ നിലപാട് തറയില്‍ തെക്കോട്ട് അഭിമുഖമായി നിലയുറപ്പിച്ചു. വടക്കുന്നാഥനെ പ്രണമിച്ച് തിരുവമ്പാടി ഭഗവതി ശ്രീമൂലസ്ഥാനത്ത് തിരിച്ചെത്തി വടക്കോട്ട് അഭിമുഖമായി നിന്നു. ഇരുഭഗവതിമാരുടെയും കൂടിക്കാഴ്ച നടന്നതോടെയായിരുന്നു വികാരസാന്ദ്രമായ ഉപചാരം ചൊല്ലൽ. "ഇനി അടുത്ത പൂരത്തിന് കാണാമെന്ന്' ദേവസോദരിമാര്‍ മൗനമായി പറഞ്ഞ് വിടനൽകിയതോടെ കാണികൾ ആർത്തു വിളിച്ചു. ഉപചാരം ചൊല്ലലിന് ശേഷം പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളിയതോടെയാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തിയ പുരുഷാരം നിറഞ്ഞ മനസോടെ വീടുകളിലേക്ക് മടങ്ങിയത്. രാത്രി ഉത്രം വിളക്ക് കൊളുത്തി ഭക്തർ കൊടിയിറക്കിയതോടെ പൂരങ്ങളുടെ പൂരത്തിന് ഔദ്യോഗിക പരിസമാപ്തിയായി.