

ആൾക്കടലിൽ കുട വിരിഞ്ഞു; നഗരം വർണക്കടലായി
തൃശൂർ: ഭാവനയും കരവിരുതും ഇഴയിട്ട കുടകള്‍ ആള്‍ക്കടലിലേക്ക് വിരിഞ്ഞിറങ്ങിയപ്പോൾ വടക്കുന്നാഥ ക്ഷേത്ര മൈതാനം വർണക്കടലായി. തൃശൂർ പൂരത്തിന്‍റെ മുഴുവൻ സൗന്ദര്യവും പീലി വിടര്‍ത്തിയാടിയ കുടമാറ്റം പൂരപ്രേമികൾ നിറഞ്ഞ മനസോടെയാണ് ഏറ്റുവാങ്ങിയത്. വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിൽ പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളം വൈകീട്ട് 4.30ന് കൊട്ടിക്കലാശിച്ച ശേഷമായിരുന്നു പൂരത്തിലെ പ്രശസ്തമായ തെക്കോട്ടിറക്കം.
വൈകീട്ട് അഞ്ചിന് കുടമാറ്റത്തിനായി ഗുരുവായൂർ നന്ദന്‍റെ പുറത്തേറി പാറമേക്കാവ് ഭഗവതിയാണ് തെക്കേഗോപുരം കടന്ന് ആദ്യം പുറത്തേക്കെഴുന്നെള്ളിയത്. പിന്നീട് കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നിലെ കൊച്ചി രാജാവിന്‍റെ പ്രതിമ വലം വെച്ച് വടക്കോട്ട് അഭിമുഖമായി ഭഗവതി നിലയുറപ്പിച്ചു. ഇതിന് ശേഷം 5.45ന് തിരുവമ്പാടി ചന്ദ്രശേഖരന്‍റെ പുറത്തേറി തിരുവമ്പാടി ഭഗവതി തെക്കേഗോപുര നടവഴി പുറത്തേക്ക് എഴുന്നള്ളി തെക്കോട്ട് അഭിമുഖമായി ഭഗവതി നിന്നു. ഇതിന് ശേഷമായിരുന്നു "ഡിവൈന്‍ ഡര്‍ബാര്‍' എന്ന് വിശേഷിപ്പിക്കുന്ന ദേവിമാരുടെ കൂടിക്കാഴ്ച. ഇരുഭഗവതിമാരും മുഖാമുഖം നിരന്നതോടെ ആറിന് തിരുവമ്പാടി വിഭാഗം പച്ച നിറത്തിലുള്ള കുടകള്‍ ഉയര്‍ത്തി കുടമാറ്റത്തിന് തുടക്കമിട്ടു. പിന്നീട് നിറങ്ങളുടെ പൂരം തന്നെ ഇരുവിഭാഗവും മാനത്തൊരുക്കി. ഓരോ കുടകളും ഉയര്‍ത്തുമ്പോഴും ജനസാഗരം ആടിയുലഞ്ഞു. ആര്‍പ്പു വിളികളും ആരവങ്ങളുമായാണ് പൂരപ്രേമികള്‍ ഓരോ കുടകളേയും വരവേറ്റത്.
അണിയറയില്‍ ഒളിപ്പിച്ചുവെച്ച കുടരഹസ്യങ്ങള്‍ പരസ്യമായി ചുരുളഴിഞ്ഞ് വര്‍ണചാരുതയോടെ കരിവീരന്മാരുടെ നെറുകയിലേറി. വാശിയേറിയ മത്സരം തുടരുന്നതിനിടയില്‍ ഇരുവിഭാഗവും "സ്‌പെഷ്യല്‍' കുടകള്‍ ആനപ്പുറമേറ്റി കാണികളെ വിസ്മയിപ്പിച്ചു. പാറമേക്കാവും തിരുവമ്പാടിയും ഒപ്പത്തിനൊപ്പമാണ് സ്‌പെഷൽ കുടകൾ വാനിലുയർത്തിയത്. ഇരുവിഭാഗവും പുറത്തിറക്കിയ എൽഇടി കുടകൾ ഏറെ ശ്രദ്ധേയമായി. നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌പെഷ്യലുകള്‍ മാറി മറിഞ്ഞപ്പോള്‍ ജനസാഗരം ആവേശത്തിരയിലമര്‍ന്നു. പൂരാവേശം വാനോളമുയര്‍ത്തി ഇടവേളയില്ലാതെ കുടകൾ മുന്നേറുന്നതിനിടെ 7.30ന് ഇരു വിഭാഗവും വര്‍ണ മഴയ്ക്ക് വിരാമമിട്ടു. ഒന്നര മണിക്കൂർ നീണ്ട കുടമാറ്റത്തിൽ പത്തിലേറെ സ്‌പെഷലുകടക്കം 60 സെറ്റോളം വർണക്കുടകളാണ് ഇരുവിഭാഗവും ആനപ്പുറമേറ്റിയത്.