തൃശൂർ പൂരം Thrissur Pooram
തൃശൂർ പൂരംDTPC Thrissur

തെരഞ്ഞെടുപ്പിന് പൂരം 'കലങ്ങിയില്ല'! ഉപതെരഞ്ഞെടുപ്പിന് നന്നായി കലങ്ങുമോ?

തൃശൂർ പൂരം വെടിക്കെട്ട് കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം തള്ളി സിപിഐയും ദേവസ്വവും

ഉപതെരഞ്ഞെടുപ്പ് ചൂടിൽ പൂരം വിവാദത്തിനു പുതിയ മുഖം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാഷ്ട്രീയ ആരോപണ- പ്രത്യാരോപണങ്ങളുമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ ഒരിടവേളക്കുശേഷം തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു. ''ഒരു വെടിക്കെട്ട് അൽപ്പം വൈകിയതാണോ പൂരം കലക്കൽ'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കഴിഞ്ഞ ദിവസത്തെ പരാമർശമാണ് പൂരം വിവാദത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഐയും ദേവസ്വം ഭാരവാഹികളും രംഗത്തെത്തി. അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ത്രിതല അന്വേഷണം അട്ടിമറിക്കാനാണെന്നും ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തി.

തൃശൂർ പൂരം Thrissur Pooram
തൃശൂർ പൂരം കലക്കൽ: കേസ് രജിസ്റ്റർ ചെയ്തു

തൃശൂർ പൂരം ആസൂത്രിതമായി കലക്കിയെന്നായിരുന്നു സിപിഐയുടെ വാദം. ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ - ആർഎസ്‌എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയെന്നും പൂരം കലക്കാൻ ഗൂഢാലോചന നടത്തിയതിന്‍റെ ഫലമായാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതെന്നും ആരോപിച്ച് പ്രതിപക്ഷവും പി.വി. അൻവർ എംഎൽഎയും രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. പിന്നാലെ, പൂരം കലങ്ങിയതിൽ അന്വേഷണം വേണമെന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാറും മന്ത്രി കെ. രാജനുമടക്കം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിവാദ പരാമർശം

എൽഡിഎഫ് യോഗത്തിലും മന്ത്രിസഭയിലുമടക്കം സിപിഐയുടെ അതൃപ്തി പുകഞ്ഞതോടെ മുഖ്യമന്ത്രി, എഡിജിപിയെ ചുമതലയിൽ നിന്നു നീക്കുകയും വിഷയത്തിൽ ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ‌, അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സർമർപ്പിക്കുന്നതിന് മുമ്പേ കഴിഞ്ഞ ദിവസം പി. ജയരാജന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ഒരു വെടിക്കെട്ട് അൽപ്പം വൈകിയതാണോ പൂരം കലക്കൽ എന്ന പരമാർശം ഉണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയൻ Pinarayi Vijayan, Chief Minister
മുഖ്യമന്ത്രി പിണറായി വിജയൻ

''പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കൽ? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താൻ സംഘപരിവാറിനേക്കാൾ ആവേശം?'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശമാണ് താൽക്കാലികമായി കെട്ടടങ്ങിയ വിവാദത്തിന് വീണ്ടും തിരിതെളിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം. നിയമസഭയിലടക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ച പൂരം കലക്കലിൽ പുതിയ വിവാദങ്ങൾ ഉയരുമ്പോൾ സർക്കാർ എത്തരത്തിൽ പ്രതിരോധിക്കുമെന്നത് കണ്ടറിയണം.

V.S. Sunil kumar വി.എസ്. സുനിൽ കുമാർ
വി.എസ്. സുനിൽ കുമാർ

വിട്ടുവീഴ്ചയില്ലാതെ സിപിഐ

പൂരം അലങ്കോലമായതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥിയുടെ പരാജയത്തിനിടയാക്കിയത് എന്നാണ് സിപിഐ നേതൃത്വത്തിന്‍റെയും നിഗമനം. ആസൂത്രിതമായി പൂരം കലക്കാൻ ശ്രമം നടന്നു, ഇതിന് ഗൂഢാലോചന നടന്നുവെന്നും, ശക്തമായ നടപടി വേണമെന്നുമാണ് സിപിഐയുടെ റവന്യൂമന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞത്. സിപിഐ ഇപ്പോഴും ഉറച്ച് നിൽക്കുന്നതും ഇതിലാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൃശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചതും സിപിഐയുടെ നിലപാടിനെ ചൂണ്ടിക്കാട്ടുന്നു.

പൂരം നടത്താൻ ചിലർ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്‍റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽ കുമാറും പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്ന നിലപാടാണ് മന്ത്രി കെ. രാജൻ മുന്നോട്ട് വച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോൾ പറഞ്ഞതും ഒന്ന് തന്നെയാണ്. ബന്ധപ്പെട്ട വിഷയത്തിൽ സഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ഞങ്ങളുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റമില്ലെന്നും രാജൻ വ്യക്തമാക്കി.

പൂരം എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലേ?

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളുകയാണ് തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായുള്ളത്. അവയെല്ലാം കൃത്യമായി നടക്കണം. എങ്കില്‍ മാത്രമെ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂവെന്ന് പറയാന്‍ കഴിയൂ.

ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് മുതല്‍ പല രീതിയിലുള്ള തടസങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും എന്തിന്‍റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്ന് അറിയേണ്ടതുണ്ടെന്നും ഗിരീഷ് കുമാര്‍ വ്യക്തമാക്കി.

V.D. Satheesan വി‌.ഡി. സതീശൻ
വി‌.ഡി. സതീശൻ

അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

പൂരം കലക്കിയതിനെ തുടര്‍ന്നാണ് തൃശൂർ പൊലീസ് കമ്മിഷണറെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് ഉണ്ടായില്ല.

ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് വൈകിയതല്ലാതെ ഒന്നും സംഭവിച്ചില്ല എന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്. അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്.

അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് എന്നും സതീശൻ കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.