പൂരലഹരിയിൽ തൃശൂർ

ഒരു വര്‍ഷത്തെ ഒരുക്കങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഘടക പൂരമായ കണിമംഗലം ശാസ്താവ് ചൊവ്വാഴ്ച രാവിലെ 7.30ന് വടക്കും​നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്ന​ള്ളിയതോടെ പൂരങ്ങളുടെ പൂരത്തിന് തുടക്കം
thrissur pooram

പൂരലഹരിയിലേക്ക് തൃശൂർ

സാമ്പിൽ വെടിക്കെട്ടിൽ നിന്നുള്ള ദൃശ്യം

Updated on

എം.എ. ഷാജി

തൃശൂർ: നിറക്കാഴ്ചകളുടെയും ശബ്‌ദങ്ങളുടെയും താള-മേളങ്ങളുടെയും വസന്തോത്സവമായ തൃശൂര്‍ പൂരം ചൊവ്വാഴ്ച. പത്ത് ദേവീ-ദേവന്മാർ പങ്കെടുക്കുന്ന 30 മണിക്കൂർ നീളുന്ന മഹാവിരുന്നിന് കേളികൊട്ടുയർന്നു.

ഒരു വര്‍ഷത്തെ ഒരുക്കങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഘടക പൂരമായ കണിമംഗലം ശാസ്താവ് ചൊവ്വാഴ്ച രാവിലെ 7.30ന് വടക്കും​നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്ന​ള്ളിയതോടെ പൂരങ്ങളുടെ പൂരത്തിനു തുടക്കം.

പിന്നീട് ഊഴമനുസരിച്ച് മറ്റു ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതി​മാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി വട​ക്കും​നാഥനെ പ്രണമിക്കും. തിരുവമ്പാടി ഭഗവതി രാവിലെ 7.30ന് ​നടപ്പാണ്ടി കൊട്ടി പൂരപുറപ്പാടിനിറങ്ങി. പഴയനടക്കാവ് നടുവില്‍ മഠത്തില്‍ 11.30ഓ​ടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് ആദ്യകോൽ വീഴും. പാറമേക്കാവ് ഭഗവതി ഉച്ചയ്ക്ക് 12ന് മേളത്തിന്‍റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളും.

ര​ണ്ട് മ​ണി​യോ​ടെ എഴുന്ന​ള്ളിപ്പ് വട​ക്കും​നാഥ ക്ഷേത്രത്തിലെത്തുമ്പോള്‍ "ഗ്രേറ്റ് സിംഫണി' എന്നറിയപ്പെടുന്ന ഇലഞ്ഞിത്തറ മേളം ആരംഭിക്കും. രണ്ടര മണിക്കൂറോളം നീളുന്ന മേളം കൊട്ടിക്കലാശിക്കുന്നതോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ "ദൈവീക സദസെ'ന്ന് അറിയപ്പെടുന്ന തെക്കോട്ടിറക്കം. പിന്നീട് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിരക്കുന്നതോടെ പൂരത്തിന്‍റെ സമസ്ത സൗന്ദര്യവും പെയ്തിറങ്ങുന്ന കുടമാറ്റം. വാനിൽ വർണ മഴ ചൊരിയുന്ന കുടമാറ്റത്തിന് ശേഷം പകൽ​പ്പൂരം സമാപിക്കും. രാത്രിയിലും തീവെട്ടി പ്രഭയിൽ പൂരം തനിയാവര്‍ത്തനങ്ങള്‍.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് വട​ക്കും​നാഥ ക്ഷേത്രത്തിന്‍റെ മാനത്ത് പാറ​മേക്കാവും തിരുവമ്പാടിയും കമ്പക്കെട്ടിന്‍റെ മാസ്മരിക ലോകം വിരിയിച്ച് പ്രധാന വെടിക്കെട്ട് നടത്തും. തുടര്‍ന്ന് രാവിലെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ പകല്‍പ്പൂരം ആരംഭിച്ച് ഉച്ചയ്ക്ക് 12ന് വടക്കും​നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. പിന്നീട് വടക്കും​നാഥനെ വണങ്ങി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരങ്ങളുടെ പൂരത്തിന് പരിസമാപ്തിയാകും.

പൂരത്തിന് മുന്നോടിയായി അരങ്ങേറിയ 'സാംപിൾ' വെടിക്കെട്ട് കാണികളുടെ മനം നിറച്ചു. ആദ്യം തിരുവമ്പാടി വിഭാഗവും തുടര്‍ന്ന് പാറമേക്കാവ് വിഭാഗവും കരിമരുന്ന് വിസ്മയത്തിന് തിരികൊളുത്തി. സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതി നൽകിയിരുന്നതിനാൽ സ്ത്രീകളടക്കം ആയിരങ്ങളാണ് 'സാംപിൾ' ആസ്വദിക്കാനെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com