
ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്; 4 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.
മുന്നറിയിപ്പിന്‍റെ ഭാഗമായി ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഉയർന്ന തിരമാല, കള്ളക്കടൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ശനിയാഴ്ച രാവിലെ 11.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട് മുതൽ ഇടവ വരെ) ശനിയാഴ്ച ഉച്ചയ്‌ക്ക് 02.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ, കന്യാകുമാരി തീരത്ത് ശനിയാഴ്ച രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.