

നരഹത്യക്ക് കേസെടുത്ത് പൊലീസ്
കൊച്ചി: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന്‍റെ മുകളിലേക്ക് ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് നരഹത്യക്ക് കേസെടുത്തു. നിർമാണ കമ്പനിയിലെ ജീവനക്കാരെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ല കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് എഫ്ഐആറിലുളളത്.
ചോദ്യം ചെയ്യുന്നതിന് പൊലീസിന് ഇവരെ കസ്റ്റഡിയിൽ വാങ്ങാം. മതിയായ സുരക്ഷ ഒരുക്കാതെ തൂണുകൾക്ക് മുകളിൽ ബീമുകൾ കയറ്റിയാൽ അത് താഴെ വീഴാനുളള സാധ്യതയുണ്ട്. എന്നിട്ടും യാതൊരു സുരക്ഷാക്രമീകരണം സ്വീകരിക്കാതെയും, ഗതാഗതം നിയന്ത്രിക്കാതെയുമാണ് ഗർഡറുകൾ കയറ്റിയത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യാഴാഴ്ച പുലർച്ചെ 3 മണിക്കാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
എരമല്ലൂരിൽ ടോൾ പ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കിയിൽ നിന്ന് തെന്നി മാറിയാണ് അപകടം ഉണ്ടായത്. റോഡിലൂടെ പോകുകയായിരുന്ന വാനിന്‍റെ മുകളിലേക്ക് ഗർഡർ പതിക്കുകയായിരുന്നു. ഡ്രൈവർ ഇരിക്കുന്ന ക്യാബിന്‍റെ മുകളിലേക്ക് ഗർഡർ വീഴുകയും ഡ്രൈവർ മരിക്കുകയുമായിരുന്നു.