

കോട്ടയം: വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതികപഠനത്തിന് ടിങ്കറിങ് ലാബുകൾ കരുത്തേകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. പ്രീ പ്രൈമറി സ്‌കൂൾതലം മുതൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂന്നിയ വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികളെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃക്കൊടിത്താനം ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ ടിങ്കറിംഗ് ലാബിന്‍റേയും നവീകരിച്ച സ്‌കൂൾ മൈതാനത്തിന്‍റേയും സോളാർ പാനൽ പദ്ധതിയുടെയും ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മുൻകാലങ്ങളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ മാത്രം കണ്ടിരുന്ന സാങ്കേതിക വിദ്യാഭ്യാസരീതി ഇന്ന് പ്രൈമറി സ്‌കൂളുകൾ മുതൽ ലഭ്യമായി തുടങ്ങി. സ്‌കൂളുകളിൽ മികച്ച ഹൈടെക് ക്ലാസ് മുറികൾ, ഗവേഷണങ്ങൾ പോലും സാധ്യമാക്കുന്ന ലാബുകൾ, ലാബോറട്ടറികൾ, തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തെളിവാണെന്നും മന്ത്രി പറഞ്ഞു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷാ കേരളത്തിന്‍റെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് ടിങ്കറിങ് ലാബിന്‍റെ നിർമാണം പൂർത്തീകരിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും ഇലക്ട്രോണിക്‌സ് രംഗത്തെ വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ടിങ്കറിങ് ലാബുകൾ ആരംഭിക്കുന്നത്.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ 33 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നുംപുറം ജംഗ്ഷനിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയത്. 1166 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തിൽ ഒരു കോഫി ഹൗസ്, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക ശുചിമുറികൾ, ഫീഡിങ് റൂം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. രാജു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എൻ സുവർണകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ റ്റി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ് സാനില, അനിത ഓമനക്കുട്ടൻ, പ്രിൻസി രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, സ്‌കൂൾ പ്രിൻസിപ്പൽ എ. സജീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി ഉണ്ണികൃഷ്ണപിള്ള, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.