അംഗീകാരമില്ലാത്ത കോഴ്സുകളിൽ പ്രവേശനം; ജാഗ്രത പാലിക്കണം

അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നഴ്സിങ് ഉൾപ്പെടെ കോഴ്സുകൾ നടത്തുന്നുവെന്ന് ആരോഗ്യ സർവകലാശാലാ വിസി
 Health University VC says unaccredited institutions are conducting courses, including nursing

അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നഴ്സിങ് ഉൾപ്പെടെ കോഴ്സുകൾ നടത്തുന്നുവെന്ന് ആരോഗ്യ സർവകലാശാലാ വിസി

Updated on

തൃശൂർ: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മെഡിക്കൽ, ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കോളെജിന്‍റെയും കോഴ്സിന്‍റെയും നിയമസാധുതയും അംഗീകാരവും കൃത്യമായി പരിശോധിച്ച ശേഷമേ പ്രവേശനം നേടാവൂവെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല (കെയുഎച്ച്എസ്) വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കേരളത്തിൽ മെഡിക്കൽ, ഡെന്‍റൽ, നഴ്സിങ്, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ കോഴ്സുകൾ നടത്താൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അംഗീകാരവും അഫിലിയേഷനും നിർബന്ധമാണ്. എന്നാൽ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി സ്ഥാപനങ്ങൾ നഴ്സിങ്, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ-ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന സാഹചര്യമുണ്ടെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയെ കൂടാതെ കോയമ്പത്തൂരിലുള്ള അമൃത വിശ്വവിദ്യാപീഠം ഡീംഡ് റ്റു ബി സർവകലാശാലയ്ക്ക് മാത്രമാണ് അവരുടെ കേരളത്തിലെ സ്ഥാപനങ്ങളിൽ ആരോഗ്യശാസ്ത്ര പ്രോഗ്രാമുകൾ നടത്താൻ അനുമതിയുള്ളത്.

ബിഎസ്‌സി നഴ്സിങ്, ജിഎൻഎം, ഒപ്‌റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോളജി, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി തുടങ്ങി നിരവധി അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്ക് ചില സ്ഥാപനങ്ങൾ നിയമപരമായ അംഗീകാരങ്ങൾ, അഫിലിയേഷൻ, കോഴ്സിന്‍റെ നിയമസാധുത എന്നിവ വ്യക്തമായി വെളിപ്പെടുത്താതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കാതെ, ബന്ധപ്പെട്ട സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ടറി കൗൺസിലുകളുടെയും അംഗീകാരം ഉറപ്പാക്കണമെന്നും വിസി നിർദേശിച്ചു.

കേരളത്തിൽ ഓൺലൈൻ വഴിയോ, കറസ്പോണ്ടൻസ് രീതിയിലോ മെഡിക്കൽ, ആരോഗ്യശാസ്ത്ര കോഴ്സുകൾക്ക് കേരള ആരോഗ്യ സർവകലാശാല അംഗീകാരം നൽകുന്നില്ല. പ്രത്യേകിച്ച് ഹോമിയോപ്പതിയിൽ കറസ്പോണ്ടൻസ് കോഴ്സുകൾ നിയമപരമായി അനുവദനീയമല്ല.

വിദ്യാർഥികളുടെ ഭാവിയും തൊഴിൽ യോഗ്യതയും സംരക്ഷിക്കുന്നതിനായി പ്രവേശനത്തിന് മുമ്പ് എല്ലാ അംഗീകാരങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പരസ്യങ്ങളെയോ, സ്ഥാപനങ്ങളുടെ അവകാശവാദങ്ങളെയോ മാത്രം ആശ്രയിക്കാതെ ബന്ധപ്പെട്ട സർവകലാശാലകളിലും റെഗുലേറ്ററി കൗൺസിലുകളിലും നിന്ന് വിവരങ്ങൾ ഉറപ്പാക്കിയ ശേഷമേ പ്രവേശനം നേടാവൂവെന്നും പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com