

തിരുവനന്തപുരം: കർണാടക നൽകുന്ന ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മാത്രമല്ല വിവിധ സംസ്ഥാനങ്ങൾ കേരളത്തിന് ഫണ്ട് നൽകിയിട്ടുണ്ടെന്നും അത് വയനാട്ടിലെ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വയനാട്ടിൽ കോൺഗ്രസിന്‍റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചു എന്നത് ഇതേവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോൺഗ്രസിന്‍റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക സർക്കാർ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകൾ കേരളത്തിന് ഫണ്ട് നൽകിയിട്ടുണ്ട്. അത് വയനാട്ടിലെ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കാനുള്ളതാണ്. അതെല്ലാം സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതാണ്. അതിൽ ഏതെങ്കിലും ഒരു സർക്കാർ കോൺഗ്രസ് നേതൃത്വത്തിന്റേതാണ് എന്നുകരുതി കോൺഗ്രസ് പാർട്ടിയുടെ ഫണ്ടായി അതിനെ കണക്കാക്കാൻ പറ്റില്ല. സംസ്ഥാനം നൽകുന്ന ഫണ്ടായി മാത്രമേ കണക്കാക്കാൻ പറ്റൂ.
വയനാട്ടിൽ കോൺഗ്രസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വീടിന്റെയും പണി ഇതേവരെ ആരംഭിച്ചതായി കണ്ടിട്ടില്ല. യൂത്ത് കോൺഗ്രസും ഉടനെ പ്രാവർത്തികമാക്കുമെന്ന് പറഞ്ഞിരുന്നു. അതും ഇതേവരെ കണ്ടിട്ടില്ല. അതേസമയം, മറ്റൊരു യുവജന സംഘടനയായ ഡിവൈഎഫ്‌ഐ 100 വീടുകൾ പൂർത്തിയാക്കാനുള്ള പണം നേരത്തേ തന്നെ സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.