ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ദേവസ്വം ബോര്‍ഡ് കാലാവധി നീട്ടിയേക്കില്ല | പുതിയ ഭരണ സമിതി തീരുമാനം വെള്ളിയാഴ്ച
ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും | TK Devakumar likely devaswom president

ടി.കെ. ദേവകുമാർ.

Updated on

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരേ ഉണ്ടായ ഹൈക്കോടതി പരാമർശങ്ങളുടെ പശ്വാത്തലത്തിൽ ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നീട്ടിയേക്കില്ല.

നിലവിലെ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ കാലാവധി അവസാനിക്കുന്നതിനാൽ ഹരിപ്പാട് മുന്‍ എംഎല്‍എയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ദേവകുമാര്‍ പ്രസിഡന്‍റ് ആകുമെന്നാണ് വിവരം. മുൻ എംപി എ. സമ്പത്ത്, എൻഎസ്എസ് വൈസ് പ്രസിഡന്‍റും തിരുവനന്തപുരം യൂണിയൻ പ്രസിഡന്‍റുമായ സംഗീത് കുമാർ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു.

കയര്‍ഫെഡ് പ്രസിഡന്‍റായ ദേവകുമാറിന്‍റെ കാര്യത്തിൽ ഇന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. സിപിഐ നോമിനിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ബോര്‍ഡ് അംഗമാകും. മുൻ കോൺഗ്രസ് നേതാവായ പ്രശാന്തിന് കാലാവധി നീട്ടിനൽകാനുള്ള ആലോചനയുണ്ടായിരുന്നെങ്കിലും കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് സര്‍ക്കാര്‍ പിന്മാറിയത്.

പ്രശാന്തിന്‍റെയും ബോർഡ് അംഗം എ. അജികുമാറിന്‍റെയും കാലാവധി ഈ മാസം 12 വരെയാണ്. 16ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം. ഇതിനെതിരേ പ്രതിപക്ഷവും ബിജെപിയുമടക്കം രംഗത്തെത്തിയിരുന്നു.

2019ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്കു കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് പ്രസിഡന്‍റായ നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ ഇവരെ തുടരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ തിരിച്ചടിക്കു കാരണമായേക്കും എന്ന ആശങ്ക സര്‍ക്കാരിനുണ്ടായി. ഓര്‍ഡിനന്‍സ് പാസാക്കിയാലും കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അത് ഒപ്പിടാതിരുന്നേക്കാം. ഇതെല്ലാം പരിഗണിച്ച് പുതിയ സമിതിയെ നിയോഗിക്കാമെന്നാണ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com