

'വിശ്രമമില്ലാത്ത പോരാളി'; അനിൽ അക്കരയ്ക്ക് പിന്തുണയുമായി ടി.എൻ. പ്രതാപൻ
തൃശൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയ്ക്ക് പിന്തുണയുമായി എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ. അനിൽ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര മത്സരിക്കുന്നത്.
'പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്ന് മത്സരിക്കുകയാണ്. വിശ്രമമില്ലാത്ത പോരാളിയാണ് അനിൽ. പ്രസ്ഥാനത്തിന് വേണ്ടി ഏത് ഘടകത്തിലും എത്ര വലിയ പ്രതിസന്ധികളിലും യാതൊരു സമ്മർദ്ധങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന നേതാവ്. പുതിയ കാലത്തിനോട് ചേർന്നു നിൽക്കുന്ന വികസന കാഴ്ചപ്പാടുകൾ ഉള്ള മികച്ച സംഘാടകൻ കൂടിയായ അനിൽ വലിയ പ്രതീക്ഷയാണ്'- ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.
2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016ലാണ് എംഎൽഎയാവുന്നത്. പിന്നീട് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.