അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തു
toddler critical after fall anganwadi negligence allegation maranalloor
അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
Updated on

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് കുഞ്ഞിന് പരുക്കേറ്റ വിവരം അധികൃതർ വീട്ടുകാരിൽ നിന്ന് മറച്ചുവച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ആന്തരിക രക്ത സ്രാവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തത്.

മാറനല്ലൂർ പോങ്ങുംമൂട് ഷിബു നിവാസിൽ രതീഷ്-സിന്ധു ദമ്പതികളുടെ മൂന്നു​ വയസുകാരിയായ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വച്ച് പരുക്കേറ്റത്. വീഴ്ചയിൽ സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ​മാറനല്ലൂർ പഞ്ചായത്തിലെ ഓഫിസ് വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആറ് കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. ഇവരെ പരിചരിക്കാൻ ആയയും അധ്യാപികയുമുണ്ട്. അങ്കണവാടിയിൽ വെച്ച് വൈഗ വീണപ്പോൾ വേണ്ട പരിചരണം നൽകുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം.​

വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതേ അങ്കണവാടിയിൽ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയിൽ തലയുടെ പിറകിൽ കഴുത്തിനോട് ചേർന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. ഉടൻ രക്ഷിതാക്കൾ അധികൃതരുമായി ബന്ധപ്പെട്ടു. വീണ വിവരം അറിയിക്കാൻ മറന്നുപോയെന്നായിരുന്നു അധികൃതർ നൽകിയ മറുപടിയെന്ന് കുടുംബം ആരോപിക്കുന്നു.പിന്നീട് വീടിന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്എടിയിലേക്ക് മാറ്റിയത്.

ബാലാവകാശ കമ്മിഷൻ മനോജ് കുമാറിന്‍റെ നിർദ്ദേശാനുസരണം ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വൈകുന്നേരത്തോടെ എസ്എടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്തു. പിന്നാലെയാണ് കേസെടുത്തത്. സംഭവത്തിൽ അങ്കണവാടിഅധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com