
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്കായി മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്നു ഹൈക്കോടതി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ല എന്ന മുൻ ഉത്തരവില്‍ മാറ്റം വരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.
അതേ സമയം, ഇത്തരം ശുചിമുറികൾക്കു മുൻപാകെ പൊതു ശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്നു സംസ്ഥാന സർക്കാരിനും തിരുവനന്തപുരം കോർപ്പറേഷനും കോടതി നിർദേശം നൽകി.
തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചിരുന്നത്. പമ്പുകളിൽ ഇന്ധനം അടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കാനാണ് ശുചിമുറി എന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ അത് പൊതു ശുചിമുറി ആക്കണമെന്നാണ് സർക്കാരും ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതെന്നു ഹർജിക്കാർ വാദിച്ചു. ഇതുമൂലം പരിസരവാസികൾ ശുചിമുറി ഉപയോഗിക്കാൻ പമ്പുകളിലെത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാർ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു- പമ്പുടമകൾ പറഞ്ഞു.
തുടർന്ന് പൊതുജനങ്ങൾക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഉടമകളെ നിർബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാരിനും തിരുവനന്തപുരം കോർപ്പറേഷനും കോടതി ജൂണിൽ ഇടക്കാല നിർദേശം നൽകിയിരുന്നു.
പൊതുജനങ്ങൾക്കായി ശുചിമുറി നിർമിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് പെട്രോള്‍ പമ്പുടമകളുടെ തലയിലിടരുതെന്നും കോടതി പുതിയ ഉത്തരവിൽ വ്യക്തമാക്കി. ദേശീയപാതകളിലെ പെട്രോൾ പമ്പുകൾ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങൾക്ക് അവിടത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ ഇന്ധനം അടിക്കാനെത്തുന്നവർക്കും വാഹന യാത്രക്കാർക്കും ഈ സൗകര്യം നൽകണം. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ശുചിമുറി ഉപയോഗം പമ്പുടമകൾ തടയരുത്- കോടതി നിർദേശിച്ചു.