
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
file image
കൊച്ചി: പാലിയേക്കര ടോൾ വിലക്ക് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലക്ക് നീട്ടിയത്. മുരിങ്ങൂർ സർവീസ് റോഡ് തകർന്ന സംഭവത്തിൽ ജില്ലാ കലക്റ്റർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുപോലെ കൂടുതൽ റോഡുകൾ തകരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി ടോൾ വിലക്ക് തുടരട്ടെ എന്ന് അറിയിക്കുകയായിരുന്നു. ഹർജി 30 ന് കോടതി വീണ്ടും പരിഗണിക്കും.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഴിഞ്ഞ ഒരു മാസമായി പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുകയാണ്. ഈ ആഴ്ച ആദ്യം ഹർജി പരിഗണിച്ചപ്പോൾ വിലക്ക് നീക്കാമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ റോഡ് തകർന്നതോടെ വിലക്ക് നീട്ടുകയായിരുന്നു. റോഡ് നന്നാക്കിയ ശേഷം ടോൾ പിരിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.