പൊലീസ് ഉന്നതർക്ക് സ്വർണ കള്ളക്കടത്തുമായി ബന്ധം: പി.വി. അൻവർ

സ്വർണം കള്ളക്കടത്തിന്‍റെ ഭാഗമായി ആളുകളെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും പി.വി. അന്‍വര്‍
MR Ajith Kumar, Sujith das
എം.ആർ. അജിത് കുമാർ, സുജിത് ദാസ്
Updated on

നിലമ്പൂര്‍: എഡിജിപി എം.ആര്‍. അജിത് കുമാറിനും പത്തനംതിട്ട എസ്പി സുജിത് ദാസിനുമെതിരേ നടുക്കുന്ന ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എംഎല്‍എ. ഇരുവര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിന്‍റെ ഭാഗമായി ആളുകളെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ചാണ് കോഴിക്കോട്ട് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ നിയന്ത്രിക്കുന്നതെന്നും ഇതിന് അജിത്കുമാറിന്‍റെ സഹായമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാനിങ്ങില്‍ സ്വര്‍ണം കാണുമെങ്കിലും കണ്ടതായി നടിക്കില്ല. പകരം സ്വര്‍ണക്കടത്തുകാര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം കൈക്കലാക്കും. ബാക്കി കസ്റ്റംസിന് കൈമാറും. തട്ടിയെടുക്കുന്നത് വീതിച്ചെടുക്കും.

എം.ആര്‍. അജിത്കുമാറിന്‍റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോള്‍ റെക്കോഡ് തന്‍റെ കൈയിലുണ്ട്. സംസാരിക്കുന്നത് സഹോദരനോടാണ്. പക്ഷേ, ആ കോളിന്‍റെ അങ്ങെ അറ്റത്ത് മറ്റൊരാളുണ്ട്. ഇതിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ല. ഈ സംഘം കൊലപാതകം നടത്തിച്ചിട്ടുണ്ട്. മാമി എന്ന് പറയുന്ന കോഴിക്കോട്ടെ കച്ചവടക്കാരനെ ഒരുവര്‍ഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. എല്ലാം കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്.

എം.ആര്‍. അജിത് കുമാറിന്‍റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതില്‍ ആകൃഷ്ടനായവനാണ് അജിത് കുമാര്‍. അജിത് കുമാര്‍ ഒരു അസിസ്റ്റന്‍റിനെ വെച്ചിട്ടുണ്ട്. സൈബര്‍ സെല്ലില്‍ ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍കോള്‍ ചോര്‍ത്താനാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

താക്കോല്‍ കള്ളന്‍റെ കൈയിൽ

ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് പി.വി. അൻവർ തുറന്നടിച്ചു. ശശി ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. ആരോപണങ്ങള്‍ പി. ശശിയുടെ ശ്രദ്ധയില്‍ പലതവണ പെടുത്തിയെങ്കിലും ഗൗരവത്തിലെടുത്തില്ല.

മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. 29 വകുപ്പിലും ഓരോ തലവന്മാരെ വച്ചിട്ടുണ്ട്. വിശ്വസിച്ച് ഏല്‍പിച്ചത് പി ശശിയാണ്. ശശിക്ക് ഇതില്‍ പരാജയം സംഭവിച്ചു. അദ്ദേഹം അത് അനലൈസ് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ കൊള്ള നടക്കില്ല. വിശ്വസ്തര്‍ മുഖ്യമന്ത്രിക്ക് കിണറുകുഴിച്ച് വെച്ചിരിക്കുകയാണ്.

ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നത് എഡിജിപി അജിത്കുമാറാണ്. കള്ളന്‍റെ കൈയിലാണ് താക്കോല്‍. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയേയും ഗവണ്‍മെന്‍റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍. അജിത്കുമാറിന്‍റെ ഒപ്പമുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗം. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെട്ടില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തിലുടനീളം നടക്കുന്നു.

ഇന്ദിര വധം ഓര്‍മിപ്പിച്ച് അന്‍വര്‍

അച്ഛന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവയ്ക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്‍റെ ബാധ്യതയാണ്, അതാണ് നിറവേറ്റുന്നത്. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണ്. ഇന്ദിരാഗാന്ധി പേഴ്സണല്‍ സ്റ്റാഫിനാല്‍ വെടിയേറ്റ് മരിച്ചതാണ്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാര്‍ട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്.

കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണ്. ഈ രീതിയില്‍ മുന്നോട്ട പോയാല്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. പി വി അന്‍വര്‍ പാര്‍ട്ടിയെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് അപേക്ഷ നല്‍കും.

പത്തനംതിട്ട എസ്പി സുജിത് ദാസ് നടത്തിയ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടതിനു പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനായി പി.വി. അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും തന്‍റെ മുന്നില്‍ ഇല്ലായിരുന്നു. ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല - അന്‍വര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.