

കഴക്കൂട്ടം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18 ഓളം യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.
ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ നിന്നാണ് തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതിനിടയ്ക്ക് തീ പടരുകയുമായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.
നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്പിനും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.