

പി.ബി. ബിച്ചു
തിരുവനന്തപുരം: മലയാളക്കരയുടെ കലാമനസ് അനന്തപുരിയുടെ മണ്ണിലേക്കു കുത്തിയൊഴുകിയ നാല് പകലിരവുകൾ. കൂട്ടമായും ഒറ്റയായും വന്നെത്തിയ, സർഗവസന്തത്തിന്‍റെ കടലിരമ്പം തീർത്ത കലാസ്വാദകർ ബുധനാഴ്ച വൈകുന്നേരത്തോടെ ചേക്കേറും. സ്വർണക്കപ്പിൽ മുത്തമിടാനായി ഇഞ്ചോടിഞ്ച് പോരാട്ടം. ആരാദ്യമെത്തുമെന്ന സസ്പെൻസ് ക്ലൈമാക്സിലേക്ക്.
വാശിയേറിയ പോരാട്ടം അവസാന ലാപ്പിലെത്തുമ്പോൾ, ഒടുവിലെ കണക്കുകൾ പ്രകാരം തൃശൂർ, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകൾ രണ്ട് പോയിന്‍റുകളുടെ മാത്രം വ്യത്യാസത്തിൽ കുതിക്കുകയാണ്. മത്സരയിനങ്ങൾ പൂർണമായി അവസാനിക്കുമ്പോൾ ആരാണ് സ്വർണക്കപ്പുയർത്തുകയെന്നത് പ്രവചനാതീതം.
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ ഗോത്രകലകളെ അഭിമാനപൂർവം കലോത്സവ വേദിയിലെത്തിച്ചതിന്‍റെ കൈയടി വിദ്യാഭ്യാസവകുപ്പിനാണ്. മത്സരങ്ങളുടെ നടത്തിപ്പും ഭക്ഷണവും താമസവുമെല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 5ന് സമാപന സമ്മേളനം ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനാകും.
കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാര്‍, വി.എന്‍. വാസവന്‍, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, പി. പ്രസാദ്, സജി ചെറിയാന്‍, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, ഒ.ആര്‍. കേളു, വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. എംഎല്‍എമാരും കലോത്സവത്തിന്‍റെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരും പങ്കെടുക്കും.