സ്നേഹ നൊമ്പരം; വിവാഹ ദിനത്തിൽ വധുവിന് പരുക്ക്, ആശുപത്രിയിലെത്തി താലി ചാർത്തി വരൻ
കൊച്ചി: പരുക്കിനെ പ്രണയം കൊണ്ട് തോൽപ്പിച്ചൊരു വിവാഹം. എറണാകുളം ലേക് ഷോർ ആശുപത്രിയാണ് ഈ വിവാഹ മുഹൂർത്തത്തിന് സാക്ഷിയായത്.
വിവാഹ ദിവസം തന്നെ വധുവിന് അപകടം സംഭവിക്കുകയും, അതേ മുഹൂർത്തത്തിൽ തന്നെ കല്യാണം നടക്കാനുമായിരുന്നു ആവണിയുടെ യോഗം.
ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ആവണിയുടെയും, തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ വധുവിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായിഎറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ഒപ്പമെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതര്‍ തന്നെ അത്യാഹിത വിഭാഗത്തിൽ വരന് താലി ചാർത്താനുള്ള സൗകര്യമൊരുക്കി.
ആവണിയുടെ നട്ടെല്ലിന് ഗുരുതര പരുക്കുള്ളതിനാൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുമെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍ പറഞ്ഞു.
