

ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: പാരമ്പര്യവും ആധുനികതയും പരസ്പരം വിരുദ്ധമായ ശക്തികളല്ലെന്നും അവയ്ക്ക് കൈകോർത്ത് മുന്നോട്ടുപോകാനാകുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഞായറാഴ്ച ഓണാഘോഷത്തിന്‍റെ ഭാഗമായി ആറന്മുളയിലെ പമ്പ നദിയിൽ സംഘടിപ്പിച്ച ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഒരുമിപ്പിക്കുകയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പാരമ്പര്യങ്ങളുടെ അസാധാരണമായ ശക്തിയാണ് ഉത്സവം പ്രകടമാക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ പോലും ഈ ഉത്സവകാലത്ത് നാട്ടിലെത്തി വള്ളംകളിയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് തനിക്ക് അറിയാൻ കഴിഞ്ഞു. ഇത് നമ്മുടെ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെ വേരുകളിലുള്ള വിശ്വാസത്തിന്‍റെയും മഹത്വമാണെന്നും അദ്ദേഹം പറഞ്ഞു.
"പാരമ്പര്യവും ആധുനികതയും പരസ്പരം വിരുദ്ധ ശക്തികളല്ല. അവയ്ക്ക് കൈകോർത്ത് മുന്നോട്ടുപോകാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പറയുന്നതുപോലെ 'വികാസ് ഭി, വിരാസത് ഭി' (വികസനത്തിനൊപ്പം പൈതൃകവും) എന്നതാണ് അതിന്‍റെ സാരം''- അദ്ദേഹം പറഞ്ഞു.
സാംസ്കാരിക, വിനോദസഞ്ചാര ഭൂപടത്തിൽ ആറന്മുളയ്ക്ക് പ്രമുഖ സ്ഥാനമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ഭക്തി, കാലാതീതമായ പാരമ്പര്യങ്ങൾ എന്നിവയുടെ മഹത്തായ പ്രതീകമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. അതുകൊണ്ടാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും "ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന പേര് ലഭിക്കാത്തത്. രാജ്യത്ത് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 1,800 വർഷം മുൻപ് നിർമിച്ചതായി വിശ്വസിക്കപ്പെടുന്ന ശ്രീപാർത്ഥസാരഥി ക്ഷേത്രവും പ്രസിദ്ധമായ ആറന്മുള കണ്ണാടിയും ആറന്മുളയ്ക്ക് ആഗോളതലത്തിൽ സവിശേഷമായ സ്ഥാനം നൽകുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഉപരാഷ്ട്രപതി ഭവനിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത എല്ലാ അതിഥികൾക്കും ആറന്മുള കണ്ണാടികൾ സമ്മാനമായി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി, ആറന്മുള എംഎൽഎ അച്ചൻകുഞ്ഞ് വർക്കി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.