ആകാശപാത നിർമാണം: എറണാകുളത്ത് ഗതാഗത ക്രമീകരണം

മറ്റു ജില്ലകളിൽനിന്നു വരുന്ന ഹെവി വാഹനങ്ങൾക്കുള്ള നിയന്ത്രണം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരും
Kundannur junction
Kundannur junction

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ എറണാകുളം ജില്ലയിലെ കുണ്ടന്നൂർ വരെ ഗതാഗത ക്രമീകരണം. ഹെവി ചരക്കുവാഹനങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടി.

പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാർഗാഡി പോലുള്ള കണ്ടെയ്നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളിൽ ഉയരമുള്ള എല്ലാ ചരക്കു വാഹനങ്ങളും മറ്റു ദീർഘദൂര യാത്രാ വാഹനങ്ങളും അങ്കമാലിയിൽനിന്ന് എംസി റോഡ് വഴി തിരിഞ്ഞുപോകണം.

വളരെ വലിപ്പമുള്ള കാർഗാഡി പോലുള്ള കണ്ടെയ്നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയിലറുകൾ നിർബന്ധമായും അങ്കമാലിയിൽനിന്ന് എംസി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും അവിടെനിന്ന് തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂർ - തുറവൂർ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർശനമായും നിരോധിച്ചു.

എറണാകുളം ജില്ലയിൽനിന്ന് ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളിൽ ഉയരമുള്ള ചരക്ക് വാഹനങ്ങൾ അരൂർ ക്ഷേത്രം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കൽ, തൈക്കാട്ടുശേരി വഴി തുറവൂർ എത്തി ദേശീയപാതയിൽ യാത്ര തുടരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് വരുന്ന 4.5 മീറ്റർ ഉയരമുള്ള കണ്ടെയ്നർ ലോറികളും വലിയ ചരക്കുവാഹനങ്ങളും മറ്റു ദീർഘദൂര യാത്രാ വാഹനങ്ങളും എംസി റോഡ് വഴി എറണാകുളം ജില്ലയിലേക്ക് യാത്ര ചെയ്യേണ്ടതും ആലപ്പുഴയിൽനിന്ന് എത്തുന്ന വലിയ വാഹനങ്ങൾ ആലപ്പുഴ ജില്ലയിൽ തുറവൂരിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, പെരുമ്പടപ്പ്, കുമ്പളങ്ങി ജങ്ഷൻ വഴി പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലം, വില്ലിങ്ടൺ ഐലന്‍റ്, അലക്സാണ്ടർ പറമ്പിത്തറ പാലം, യുപി പാലം വഴി കുണ്ടന്നൂർ ജങ്ഷനിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66ൽ യാത്ര തുടരണം.

4.5 മീറ്ററിനു താഴെ ഉയരമുള്ളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങൾ അരൂർ - തുറവൂർ ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഇടങ്ങളിൽ ഇരുവശങ്ങളിലായി 5.5 മീറ്റർ വീതിയിൽ ഒരുക്കിയിരിക്കുന്ന വഴിയിലൂടെ ഗതാഗത തടസം വരുത്താത്ത രീതിയിൽ കടന്നുപോകണം.

വഴിതിരിച്ചുവിടുന്ന റോഡുകളിൽ കൂടി ഇരു ദിശകളിലും കടന്നുപോകുന്ന ചരക്കുവാഹനങ്ങൾ റോഡ് നശീകരണം വരുത്താതിരിക്കാൻ അമിതഭാരം ഒഴിവാക്കണം. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലെയും കൈയേറ്റങ്ങൾ പൂർണമായി ഒഴിവാക്കി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി നൽകുന്നതിൻ്റെ പൂർണ ഉത്തരവാദിത്തവും ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമായിരിക്കും.കരാർ കമ്പനിയായ അശോക ബിൽഡ്കോൺ ലിമിറ്റഡ് ഗതാഗതം തിരിച്ചുവിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പ് ബോർഡുകൾ തൃശൂർ പാലിയേക്കര ടോൾ പ്ലാസ മുതൽ തെക്കോട്ടുള്ള എല്ലാ സ്ഥലങ്ങളിലും എറണാകുളം ജില്ലയിൽ വഴി തിരിച്ചുവിടുന്ന ഇടറോഡുകളിലും സ്ഥാപിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com