അവധി ദിവസങ്ങളിൽ താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്; ഉത്തരവിറങ്ങി

രണ്ടാം ശനിയോട് ചേർന്നുള്ള വെള്ളി, ശനി ദിവസങ്ങളിലും നിയന്ത്രണം ബാധകം.
Traffic control order imposed at Tamarassery pass
Traffic control order imposed at Tamarassery pass

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്‌ടർ. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നുംഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

6 ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. രണ്ടാം ശനിയോട് ചേർന്നുള്ള വെള്ളി, ശനി ദിവസങ്ങളിലും നിയന്ത്രണം ബാധകം. തിങ്കളാഴ്ചകളിൽ രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനും വിലക്കുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും.

ഇന്ന് രാവിലെയും താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. എട്ടാം വളവില്‍ 3 മണിയോടെ 2 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടാതെ ഇക്കഴിഞ്ഞ ആഴ്ച്ചയും രൂക്ഷമായ ഗതാഗതകുരുക്കാണ് ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം വലഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെയും പലതവണ ഗതാഗതകുരുക്കുണ്ടായപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളാൽ നടപ്പാക്കിയിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com