Train time change in Kerala 2025
പുതുവർഷത്തിൽ ട്രെയിൻ സമയങ്ങൾ മാറുംrepresentative image

പുതുവർഷത്തിൽ വിവിധ ട്രെയിനുകളുടെ സമയം മാറും

കേരളത്തിൽ ഓടുന്ന വിവിധ ട്രെയിനുകളുടെ സമയക്രമത്തിൽ 2025 ജനുവരി ഒന്നു മുതൽ മാറ്റം വരും.

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ ഓടുന്ന വിവിധ ട്രെയിനുകളുടെ സമയക്രമത്തിൽ 2025 ജനുവരി ഒന്നു മുതൽ മാറ്റം വരും.

വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി എന്നിങ്ങനെ സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളുടെയും സമയത്തിലും മാറ്റം വരും. ഒപ്പം, വിവിധ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള നടപടിയും പുതുവർഷത്തിൽ പ്രാബല്യത്തിൽ വരും.

വേണാട് എക്സ്‌പ്രസ്

പുലർച്ചെ 5.20ന് തിരുവനന്തപുരത്തുനിന്നു ഷൊർണൂരിലേക്ക് പുറപ്പെട്ടിരുന്ന വേണാട് എക്സ്‌പ്രസ് ജനുവരി ഒന്നു മുതൽ അഞ്ച് മിനിറ്റ് നേരത്തെ, 5.20നായിരിക്കും പുറപ്പെടുക. 9.40ന് ഇത് എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ സ്റ്റേഷനിലെത്തും. ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന വേണാട്, ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ എത്തുന്ന സമയവും നേരത്തെയാകും.

പാലരുവി എക്സ്‌പ്രസ്

തൂത്തുക്കുടി പാലരുവി എക്സ്‌പ്രസ് നിലവിൽ 4.50നാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്നത്. ഇതിനി 4.35നു പുറപ്പെടും. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് (ടൗൺ) വരെയുള്ള സ്റ്റേഷനുകളിൽ ഇതനുസരിച്ച് ട്രെയിൻ നേരത്തെ എത്തും.

വഞ്ചിനാട് എക്സ്‌പ്രസ്

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്‌പ്രസ് ഇനി 5.05നു പകരം അഞ്ച് മിനിറ്റ് വൈകി 5.10നു മാത്രമേ പുറപ്പെടൂ.

ഏറനാട് എക്സ്‌പ്രസ്

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്‌പ്രസ് 3.35നു പകരം അഞ്ച് മിനിറ്റ് വൈകി 3.40നായിരിക്കും ഇനി തിരുവനന്തപുരത്തുനിന്നു പുറപ്പെടുക.

മലബാർ എക്സ്‌പ്രസ്

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്‌പ്രസിന്‍റെ വേഗം കൂട്ടുന്നതു വഴി യാത്രാ സമയം അര മണിക്കൂർ ലാഭിക്കാം. ഇതുപ്രകാരം പുലർച്ചെ 3.10ന് എറണാകുളത്തും, 6.25ന് കൊല്ലത്തും, 8.30ന് തിരുവനന്തപുരത്തും ട്രെയിൻ എത്തും.

ചെന്നൈ - ഗുരുവായൂർ എക്സ്‌പ്രസ്

ചെന്നൈ - ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിനിന്‍റെ വേഗം കൂട്ടുന്നത് 35 മിനിറ്റ് സമയ ലാഭം നൽകുമെങ്കിലും, പുറപ്പെടുന്നത് വൈകും. ചെന്നൈയിൽ നിന്നു പുറപ്പെടുന്ന സമയം രാവിലെ 9.40ൽനിന്നു മാറ്റി 10.20 ആക്കിയിട്ടുണ്ട്.

മധുര - ഗുരുവായൂർ എക്സ്‌പ്രസ്

ഈ ട്രെയിനിന്‍റെ വേഗം കൂട്ടുന്നതു വഴി യാത്രാ സമയത്തിൽ 15 മിനിറ്റ് കുറവ് വരും.

കോട്ടയം - നിലമ്പൂർ എക്സ്‌പ്രസ്

ഇതും വേഗം കൂട്ടുന്ന ട്രെയിനാണ്. 15 മിനിറ്റായിരിക്കും യാത്രാ സമയത്തിലെ ലാഭം.

അനന്തപുരി എക്സ്‌പ്രസ്

കൊല്ലം - ചെന്നൈ അനന്തപുരി എക്സ്‌പ്രസിന്‍റെ യാത്രാ സമയത്തിൽ 15 മിനിറ്റിന്‍റെ കുറവ് വരും.

എറണാകുളം - ബിലാസ്പുർ എക്സ്‌പ്രസ്

ഈ ട്രെയിനിന്‍റെ യാത്രാ സമയത്തിൽ 10 മിനിറ്റിന്‍റെ കുറവാണ് ഇനിയുണ്ടാകുക.

പാസഞ്ചർ ട്രെയിനുകൾ

കൊല്ലം - തിരുവനന്തപുരം പാസഞ്ചർ പുറപ്പെടുന്ന സമയം രാവിലെ 6.50നു പകരം 6.58 ആക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.40നു പുറപ്പെട്ടിരുന്ന കൊച്ചുവേളി - നാഗർകോവിൽ പാസഞ്ചർ 1.25ലേക്കും മാറ്റിയിട്ടുണ്ട്.

എക്സ്‌പ്രസ് ആകുന്ന സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരം നോർത്ത് - യശ്വന്ത്പുര എസി വീക്ക്ലി സൂപ്പർഫാസ്റ്റ് ട്രെയിൻ ഇനി മുതൽ എക്സ്‌പ്രസായാണ് സർവീസ് നടത്തുക.

അമൃത എക്സ്‌പ്രസ് ഉടൻ നീട്ടില്ല

തിരുവനന്തപുരം - മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്ക് സർവീസ് നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ഈ തീരുമാനം പ്രാബല്യത്തിൽ വരൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com