
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ് മന്ത്രി. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തിരുമാനിച്ചത്.
അശ്രദ്ധമായി വണ്ടി ഓടിച്ച് പരുക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ശേഷമേ ജോലികളിൽ പ്രവേശിക്കാൻ അനുവദിക്കുവെന്നും, മയക്കുമരുന്ന് ക്രിമിനൽ കേസുകൾ തുടങ്ങിയവയിൽ പ്രതിയായിട്ടില്ലെന്ന പൊലീസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ സ്വകാര്യ ബസിൽ ജീവനക്കാരനായി പ്രവേശനം അനുവദിക്കാവുവെന്ന് ബസ് ഉടമകൾക്കും മന്ത്രി നിർദേശം നൽകി.
സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ആരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയും വേണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും.
ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.