
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാർഷികം ആഘോഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെ പിന്‍വലിച്ചു. രാജഭരണത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. വിവാദം ഉയർന്നതിനെ തുടർന്നാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം പ്രസിഡന്റ് നിർദ്ദേശം നൽകിയത്.
ദേവസ്വം ബോർഡ് തിങ്കളാഴ്ച നടത്താനിരുന്ന 87-ാം വാര്‍ഷിക ആഘോഷത്തിന്‍റെ നോട്ടീസാണ് വിവാദത്തിൽ പെട്ടത്. രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്‍റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് ഏറെയും ഭാഗം എന്നാണ് വിമർശനം.
പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നാണ് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി. മധുസൂദനൻ നായർ നിലപാടെടുത്തത്. മധുസൂദനൻ നായരുടെ പേരിലാണ് നോട്ടീസ് അച്ചടിച്ചിരുന്നതും.