ചാത്തമറ്റത്ത് സ്കൂൾ കവലയിൽ അപകടാവസ്ഥയിൽ ആല്‍മരം; വെട്ടി മാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാത്തമറ്റം സ്കൂളിന്‍റെ വെയ്റ്റിംഗ് ഷെഡിനോട് ചേര്‍ന്നാണ് ആല്‍മരം നില്‍ക്കുന്നത്
tree in danger at chathammat school intersection
ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം
Updated on

കോതമംഗലം : ചാത്തമറ്റം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍പില്‍ റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. പോത്താനിക്കാട് മുള്ളരിങ്ങാട് പിഡബ്ല്യുഡി റോഡരികില്‍ ഏത് സമയത്തും മറിഞ്ഞുവീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ വടവൃക്ഷത്തിന് 100 ഇഞ്ചിലധികം വണ്ണവും ഏഴു പതിറ്റാണ്ടിലധികം പഴക്കവുമുണ്ട്.

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചാത്തമറ്റം സ്കൂളിന്‍റെ വെയ്റ്റിംഗ് ഷെഡിനോട് ചേര്‍ന്നാണ് ആല്‍മരം നില്‍ക്കുന്നത്. റോഡ് വികസനത്തിനായി മണ്ണെടുത്തത് മൂലം ചുവടും കാലപ്പഴക്കത്താല്‍ ശിഖരങ്ങളും ദുര്‍ബലമായിരിക്കുന്ന വടവൃക്ഷം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണത്രേ. സമീപത്തുകൂടി 11കെ.വി. ലൈനുകളും പോകുന്നുണ്ട്. അപകട സാധ്യത മുന്നില്‍കണ്ട് നാട്ടുകാര്‍ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതി പരിഗണിച്ച് ഭരണസമിതി യോഗം വിദഗ്ധസമിതിയെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി. ആല്‍മരം എത്രയും വേഗം ലേലം ചെയ്ത് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടുവെങ്കിലും സാങ്കേതികത്വത്തിന്‍റെ പേരില്‍ മരം മുറി ഇപ്പോഴും നടന്നിട്ടില്ല.

മണിക്കൂറില്‍ നൂറുകണക്കിന് വാഹനങ്ങളും, അതിലേറെ കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ ഈ റോഡിലൂടെ മഴക്കാലം ശക്തിപ്പെട്ടതോടെ ജനങ്ങള്‍ യാത്ര ചെയ്യുവാന്‍ ഭയപ്പെടുകയാണ്. ബന്ധപ്പെട്ട അധികാരികളെ കൊണ്ട് എത്രയും വേഗം മരം മുറിച്ചു നീക്കി ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണിപ്പോള്‍.

Trending

No stories found.

Latest News

No stories found.