

ജി. ദേവരാജൻ
File
ജിബി സദാശിവൻ
കൊച്ചി: ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായേക്കും. ഡൽഹിയിലുള്ള ബന്ധങ്ങളും ഹിന്ദിയും ഇംഗ്ലീഷും അടക്കം വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള മികവും പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യവുമാണ് ദേവരാജന് അനുകൂലമായത്. ഇന്ത്യ സഖ്യം യോഗങ്ങളിൽ ഫോർവേഡ് ബ്ലോക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു വരുന്നതും ദേവരാജനാണ്.
ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല എന്നതും കണക്കിലെടുത്താണ് ദേവരാജന് സുപ്രധാന പദവി നൽകാനുള്ള തീരുമാനം. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീറിന് ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം നൽകാനും ധാരണയായി. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, പാലാ എംഎൽഎ മാണി സി. കാപ്പൻ എന്നിവർക്കും ക്യാബിനറ്റ് പദവികൾ ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള ഖാദി ബോർഡ് വൈസ് ചെയര്മാൻ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളെ പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് യുഡിഎഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.
നിലവില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. സ്ഥാനവിഭജനം സംബന്ധിച്ച് അന്തിമരൂപമുണ്ടാക്കാന്‍ മുന്‍പ് ചേര്‍ന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിരുന്നു.
മുന്നണിയിലെ അതത് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലെത്തട്ടെ എന്നതായിരുന്നു യുഡിഎഫ് യോഗത്തിലെ പൊതുധാരണ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വേഗം കൂടിയത്. മുസ്ലിം ലീഗിന് പുറമെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി സി. കാപ്പന്‍റെ എന്‍.സി.കെയും ക്യാബിനറ്റ് പദവികളുള്ള സുപ്രധാന പദവികള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വിവിധ ഘടകകക്ഷികളുടെ ആവശ്യങ്ങളില്‍ മുസ്ലിം ലീഗ് മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിലാണ് ഇപ്പോള്‍ പ്രാഥമിക ധാരണയായിട്ടുള്ളത്. മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും കൊടുവള്ളി മുന്‍ എംഎല്‍എയുമായ എം.കെ. മുനീര്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന് അര്‍ഹമായ പദവി നല്‍കണമെന്ന ആവശ്യം ലീഗ് ശക്തമായി ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുസ്ലിം ലീഗ് ഉന്നത നേതാക്കളുമായി നടത്തിയ നിർണായകമായ ചര്‍ച്ചയിലാണ് എം.കെ. മുനീറിന് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനവും അതിലൂടെ ക്യാബിനറ്റ് പദവിയും നല്‍കുന്ന കാര്യത്തില്‍ അന്തിമ ധാരണയായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത യുഡിഎഫ് യോഗത്തിന് ശേഷമാകും ഉണ്ടാകുക.
അതേസമയം, മുന്നണിയിലെ മറ്റ് രണ്ട് ഘടകകക്ഷികളുടെ പദവികള്‍ സംബന്ധിച്ച കാര്യത്തില്‍ ഇനിയും പൂര്‍ണ്ണമായ തീരുമാനമായിട്ടില്ല. ഇവരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളുടെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന് വേണ്ടി മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ബോര്‍ഡിന്‍റെ ചുമതല മുതിര്‍ന്ന നേതാവായ പി.ജെ. ജോസഫിന് നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
മുന്നണി അധികാരത്തിലെത്തിയിട്ടും ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ തനിക്ക് ക്യാബിനറ്റ് പദവിയുള്ള പദവി നല്‍കണമെന്ന് മാണി സി. കാപ്പനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സികെയുടെ ഈ ആവശ്യത്തിലും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്. നോർക്ക വൈസ് ചെയർമാൻ പദവിയാണ് മാണി സി. കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാണി സി. കാപ്പനും അനൂപ് ജേക്കബും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാൻ യുഡിഎഫ് തീരുമാനിച്ചതനുസരിച്ചാണ് ആദ്യ രണ്ടര വർഷം അനൂപ് ജേക്കബിന് ലഭിച്ചത്.
വരും ദിവസങ്ങളില്‍ ഘടകകക്ഷി നേതാക്കളുമായി നടക്കുന്ന അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകും. ഘടകകഷികളിടയിലുളള വീതം വെയ്പ് സുഗമമാകുമെങ്കിലും കോൺഗ്രസിനുള്ളിലെ സ്ഥാനമോഹികളെ തൃപ്തിപ്പെടുത്തുക ഏറെ ശ്രമകരമായിരിക്കും.