136 സാക്ഷികൾ, 121 രേഖകൾ; വന്ദനദാസിന്‍റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചു

സന്ദീപ് നൽകിയ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി.
136 സാക്ഷികൾ, 121 രേഖകൾ; വന്ദനദാസിന്‍റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചു
Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊലക്കേസിന്‍റെ വിചാരണ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി പ്രതി ഓടനാവട്ടം, കുടവട്ടൂർ, ചെറുക്കരക്കോണം ശ്രീനിലയത്തിൽ സന്ദീപിനെ (43) ഇന്നലെ കോടതിയിൽ ഹാജരാക്കി. കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിഡിയൊ കോൺഫറൻസിലൂടെ ഹാജരാക്കിയ പ്രതിക്കെതിരേ ചാർജ് ചെയ്തിട്ടുള്ള കുറ്റങ്ങളും നിയമവകുപ്പുകളും തെളിവുകളും വായിച്ചു കേൾപ്പിച്ചു. തുടർവിചാരണയ്ക്കായി 17ന് വീണ്ടും കേസ് കോടതി പരിഗണിക്കും. അതേസമയം സന്ദീപ് നൽകിയ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി.

കേസിൽ ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളും 121 രേഖകളും തൊണ്ടി മുതലുകളുമാണുള്ളത്. ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതിയെയും നേരത്തെ സന്ദീപ് സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സന്ദീപിന്‍റെ വിചാരണ കസ്റ്റഡിയിൽ തന്നെ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കൊല്ലം മീയണ്ണൂർ അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിനി വന്ദനദാസ് (23) ഇന്‍റേൺഷിപ്പ് പരിശീലനത്തിന്‍റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണു കൊല്ലപ്പെടുന്നത്.

മെയ് 10ന് പുലർച്ചെ 4.30ന് മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ച സന്ദീപ് മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്കും പരുക്കേറ്റിരുന്നു. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com