

എഡിജിപി എം.ആർ. അജിത് കുമാർ
കൊച്ചി: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. സർക്കാരിന്‍റെ വാദം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ലെന്നും ഇരകൾക്ക് നീതി നിഷേധിക്കാൻ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് എന്നുമായിരുന്നു സർക്കാർ വാദം. ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ കഴിഞ്ഞ ആഴ്ചയാണ് എം.ആർ. അജിത്കുമാറിനെ ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ സസ്പെൻഡ് ചെയ്തത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ വന്നത്.
ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി. ഇത് ചോദ്യം ചെയ്തുകൊണ്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അജിത് കുമാർ സമീപിച്ചിരുന്നു. ഈ ഹർജിയാണ് തള്ളിയത്.