

തോമസ് ആന്‍റണിക്ക് ആദരം; 'ഓർമവസന്തം' ചിത്രരചന - കാർട്ടൂൺ മത്സരം
കോട്ടയം: "മെട്രൊ വാർത്ത' ചീഫ് കാരിക്കേച്ചറിസ്റ്റും കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും പ്രശസ്ത ചിത്രകാരനുമായിരുന്ന തോമസ് ആന്‍റണിയുടെ സ്മരണാർഥം കുട്ടികളുടെ സംസ്ഥാനതല ചിത്രരചന - കാർട്ടൂൺ മത്സരം കോട്ടയത്ത് സംഘടിപ്പിക്കുന്നു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായാണ് "ഓർമ വസന്തം - സീസൺ 4' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 26ന് രാവിലെ 9.30 മുതൽ കോട്ടയം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം നടക്കുക. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും. പ്രവേശന ഫീസ് ഇല്ല.
കുട്ടികളിൽ കലാസ്വാദനവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓർമ വസന്തം മത്സരങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. സീസൺ 4 തോമസ് ആന്‍റണിയുടെ ജന്മനാടായ കോട്ടയത്തു തന്നെ സംഘടിപ്പിക്കുന്നത് അദ്ദേഹത്തോടുള്ള പ്രത്യേക ആദരസൂചകമായാണ്.
മത്സര വിഭാഗങ്ങൾ: പെയിന്‍റിങ് - ക്ലാസ് 2 -5, ക്ലാസ് 6 -10. കാർട്ടൂൺ- ക്ലാസ് 9 -12 (കാറ്റഗറി 2, 3 എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രം പങ്കെടുക്കാം).
പെയിന്‍റിങ് മത്സരത്തിന് വാട്ടർ കളർ, ഓയിൽ പേസ്റ്റൽസ്, ക്രയോൺസ് എന്നിവ ഉപയോഗിക്കാം. പേപ്പർ സംഘാടകർ നൽകും. മത്സര സമയം 2 മണിക്കൂർ. പ്രശസ്ത ചിത്രകാരന്മാരും കാർട്ടൂണിസ്റ്റുകളും വിധികർത്താക്കളായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 5,000, രണ്ടാം സമ്മാനം 3,000, മൂന്നാം സമ്മാനം 2,000 രൂപ. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9495659890 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.