

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃക നഗരമായാൽ തൃപ്പുണിത്തുറയുടെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും പതിറ്റാണ്ടുകൾക്കപ്പുറവും തൃപ്പൂണിത്തുറ മതസൗഹൃദത്തെ കുറിച്ച് വിളിച്ച് പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃപ്പുണിത്തുറക്ക് ഒരു രാജാകീയ പാരമ്പര്യമുണ്ട്. ചരിത്രപരമായ ഒട്ടനവധി വ്യാഖ്യാനങൾ ഉണ്ട്. പണ്ട് താൻ സൈക്കിളോടിച്ച് അത്തച്ചമയം കാണാനെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് വിദഗ്ദനെ കൊണ്ടുവന്നു പഠിപ്പിക്കണമെന്നും പ്രോപോസൽ തയാറാക്കിയാൽ നടപ്പാക്കാൻ സർക്കാർ തയാറെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയം വേണ്ടെന്നും എല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തനിക്ക് എന്തും മുഖ്യമന്ത്രിയോട് തുറന്ന് പറയാമെന്നും ഈ സർക്കാരിൽ നിന്ന് ഒരു പദവിയും വേണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ "വെരി ഡൌണ് ടു എർത്ത് സതീശൻ' എന്നും ജഗദീഷ് വിശേഷിപ്പിച്ചു.