
ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെ അമിതമായി വിശ്വസിച്ചെങ്കിലും മറിച്ചാണു സംഭവിച്ചതെന്നു തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.
സംസ്ഥാന സർക്കാർ ജാമ്യ ഹർജിയെ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, സർക്കാരിന്‍റെ വക്കീൽ കന്യാസ്ത്രീകൾ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയിൽ പറഞ്ഞു. അതോടെ സ്ഥിതി മാറി. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഛത്തിസ്ഗഡ് സർക്കാർ ഒപ്പം നിൽക്കുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് അർഥം.
കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവൻ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല. ക്രൈസ്തവർ ഇതുവരെ ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല. തുറുങ്കിലടച്ച കന്യാസ്ത്രീകളെ പോലുള്ളവരെ പീഡിപ്പിക്കാനാണ് നിർബന്ധിത മത പരിവർത്തന നിരോധന നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകൂടം തെറ്റ് ചെയ്‌തെന്ന് പറഞ്ഞ് തെരുവിൽ ഇറങ്ങിയപ്പോൾ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ കളിയാക്കുന്നു. ഇവരെ ചില ക്രൈസ്തവ ഗ്രൂപ്പുകളും പിന്തുണയ്ക്കുന്നുണ്ട്. ഇത്തരക്കാരോട് ഇരിക്കുന്ന കൂട്ടിൽ കാഷ്ഠിക്കരുതെന്നു മാത്രമാണ് പറയാനുള്ളതെന്നും മാർ പാംപ്ലാനി പറഞ്ഞു.