

ബാർക്ക് റേറ്റിങ്ങിൽ കൃത്രിമമെന്ന് ആരോപണം.
AI
തിരുവനന്തപുരം: ടെലിവിഷൻ ചാനലിന്‍റെ കാണികളുടെ റേറ്റിങ്ങുകളിൽ ഒരു മലയാളം ചാനൽ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം.
ഒരു മലയാളം ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (ബാർക്) ഉദ്യോഗസ്ഥന് കൈക്കൂലി നൽകി റേറ്റിങ്ങിൽ തിരിമറി നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പാർലമെന്‍റിൽ അറിയിച്ചു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഈ വിഷയത്തിന്മേൽ ഫയൽ ചെയ്തതായി പറയപ്പെടുന്ന എഫ്‌ഐആറിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് കേരള പൊലീസ് മേധാവിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്‌സഭയിൽ കെ. സുധാകരൻ, ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ഇന്ത്യയിലെ ടെലിവിഷൻ റേറ്റിങ്ങുകൾ 2014-ലെ "പോളിസി ഗൈഡ്‌ലൈൻസ് ഫോർ ടെലിവിഷൻ റേറ്റിങ് ഏജൻസീസ്' പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. റേറ്റിങ് ഏജൻസികൾ അവർ സർവെ നടത്തുന്ന വീടുകളിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും ഈ മാർഗനിർദ്ദേശങ്ങൾ നിർബന്ധമാക്കുന്നു. ടിവി റേറ്റിങ് സംവിധാനത്തിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്താൻ കേന്ദ്ര ഗവൺമെന്‍റ് ഈ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ കേരളത്തിലെ ചില സ്വകാര്യ വാർത്താ ചാനലുകൾ റേറ്റിങ്ങിന്‍റെ പേരു പറഞ്ഞ് പരസ്പരം കൊമ്പുകോർത്തിരുന്നു. തങ്ങളാണു ബാർക് റേറ്റിങ്ങിൽ മുമ്പിലെന്ന വാദം ഓരോരുത്തരും ഉന്നയിച്ചു. അതോടെ ചിലർ ചിലർക്കെതിരേ ഔദ്യോഗികമായി പരാതിയും നൽകി. ഇതു സോഷ്യൽ മീഡിയയിലടക്കം വലിയ വിവാദമായതോടെയാണ് കേന്ദ്ര മന്ത്രാലയം അടക്കമുള്ളവർ ഇടപെടാൻ തീരുമാനിച്ചത്.