
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: ഏലം മണക്കുന്ന നാട്ടിൽ നിന്ന് ഇരട്ടക്കുട്ടികളുടെ ഇരട്ടിമധുരം സമ്മാനിച്ചു. അഞ്ജലി ഈശ്വരൻ, ആര്യൻ ഈശ്വരൻ ഇരട്ട സഹോദരങ്ങൾക്ക് കലോത്സവത്തിൽ മത്സരിച്ച ഒരേ ഇനത്തിൽ എ ഗ്രേഡ്. ജീവിതം നട്ടു കരുപ്പിടിപ്പിച്ച കുടിയേറ്റ കർഷകരുടെ ചരിത്രമുറങ്ങുന്ന ഇടുക്കിയിലെ വണ്ടൻമേട് സെന്‍റ് ആന്‍റണീസ് സ്കൂളിലെ എട്ടാംക്ലാസുകാരായ സഹോദരങ്ങളാണ് അഞ്ജലി ഈശ്വരൻ, ആര്യൻ ഈശ്വരൻ. പെൺകുട്ടികളുടെ കുച്ചിപ്പുടിയിലണ് അഞ്ജലിക്ക് എ ഗ്രേഡെങ്കിൽ ആൺകുട്ടികളുടെ കുച്ചിപ്പുടിയിലാണ് ആര്യന് എ ഗ്രേഡ്.
ഏലംതോട്ടം തൊഴിലാളികളായ ആമയാർ കുമാർ സദനത്തിൽ പി.ഈശ്വരൻ-വസന്തി ദമ്പതികളുടെ മക്കളായ ഇരുവരും നൃത്താധ്യാപകനും പിതൃസഹോദരനുമായ ഡോ.വി.കുമാർ ഇടുക്കിയുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. കുമാർ തന്നെയാണു ഇരുവരെയും കലോത്സവത്തിനു കൊണ്ടുവന്നതും. അന്നന്നത്തെ അന്നംതേടുന്ന ഈശ്വരനും വസന്തിയും വണ്ടൻമേട്ടിലെ ഏലം തോട്ടത്തിലെ തൊഴിലാളികളാണ്. ഒരുദിവസം മാറി നിന്നാൽ വീട് പട്ടിണിയാകും. അതുകൊണ്ടാണു മക്കളുടെ നൃത്തം വേദിയിൽ കാണാൻ ഇരുവരും എത്താത്തത്.
കുട്ടികളുടെ പേരപ്പനായ കുമാർ തന്നെയാണ് വർഷങ്ങളായി ഇവരെ നൃത്തം പഠിപ്പിക്കുന്നത്. ആടയാഭരണങ്ങൾക്കും മേക്കപ്പിനുമുള്ള പണം കണ്ടെത്താൻ നാട്ടിൽ നിന്നും സഹതൊഴിലാളികളുടെ സഹായവും കൂടിയായപ്പോൾ കലോത്സവത്തിന്‍റെ ഭാരിച്ച ചെലവിന് ചെറുതായി അയവുണ്ടായി. തലസ്ഥാനത്തേക്കുള്ളവരവിന്‍റെയും മറ്റും ചെലവുകൾക്കുള്ള കടം വരും ദിവസങ്ങളിൽ അധിക ജോലി ചെയ്തു തീർക്കണം. കുട്ടികൾ നന്നായി കളിച്ചാൽ മതി, ഇവിടിരുന്നു ഞങ്ങൾ അറിഞ്ഞോളാമെന്നു പറഞ്ഞാണു ഈശ്വരനും വാസന്തിയും മൂവർ സംഘത്തെ യാത്രയാക്കിയത്. അഞ്ജലി കുഞ്ഞുനാളിലേ നൃത്തം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണു പേരപ്പൻ കുമാർ അഞ്ചുവയസുമുതൽ നൃത്തം പഠിപ്പിച്ചു തുടങ്ങിയത്. സഹോദരിയുടെ നൃത്തച്ചുവടുകൾ കണ്ടാണ് ആര്യന് താത്പര്യം തോന്നിത്തുടങ്ങിയത്. പിന്നീട് അവനും കഠിന പരിശ്രമത്തിലൂടെ പഠിച്ചെടുക്കുകയായിരുന്നുവെന്നു കുമാർ പറയുന്നു. ജില്ലാ റവന്യു കലോത്സവത്തിൽ തുടർച്ചായായി മൂന്ന് വർഷം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ അഞ്ജലി ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇവർക്ക് രണ്ടാം ക്ലാസുകാരിയായ അലംകൃതയെന്ന സഹോദരി കൂടിയുണ്ട്. അവളും നൃത്തത്തിൽ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മൂന്ന് പേരുടെയും നൃത്ത ചെലവുകൾ ഈ കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറമാണ്. മക്കളെ നൃത്തത്തിൽ ഭാവിയിൽ ബഹുദൂരം മുന്നിലെത്തിക്കണമെന്നാണു ഈശ്വരന്‍റെ ആഗ്രഹം. മൂവരും പഠനത്തിലും മുന്നിൽത്തന്നെയാണ്.