നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ, അമ്മയുടെയും മകന്‍റെയുമെന്ന് സംശയം

മേരിയേയും മകൻ റെജിയേയും ഒരു മാസമായി കാണാനില്ല
two dead body found from a house in nedumkandam

നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ.

Updated on

തൊടുപുഴ:നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ. പൊന്നുട്ടയിൽ മേരിയുടെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടേയും പുരുഷന്‍റേതുമാണ് മൃതദേഹങ്ങൾ. മേരിയെയും (70) മകൻ റെജിയെയും (48) ഒരു മാസമായി കാണാനില്ലായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് സംശയിക്കുന്നത്. ഇളയ മകൻ സജി ഒളിവിലാണ്.

വീട്ടിൽ മേരിയും രണ്ട് ആൺ മക്കളുമാണ് താമസിച്ചിരുന്നത്. അവിവാഹിതരായ റെജിയും സജിയും കൂലിപ്പണിക്കാരാണ്. മേരിയുടെ മകൾ സിനി വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലാണ്. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. മേരിയേയും റെജിയേയും കുറച്ചുനാളായി പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാർ സജിയോട് കാര്യം തിരക്കിയിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായ മറുപടിയാണ് സജി നൽകിയത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സിനിയാണ് അമ്മയേയും സഹോദരനേയും കാണാനില്ലെന്ന് പറഞ്ഞ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്. കേസ് അന്വേഷിക്കാൻ വീട്ടുവളപ്പിൽ എത്തിയ പൊലീസ് വീട്ടുവളപ്പിൽ മണ്ണ് ഇളകി കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ. ആരുടേതെന്നു തിരിച്ചറിയാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ഞായറാഴ്ച മുതലാണ് സജിയെ കാണാതായത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

logo
Metro Vaartha
www.metrovaartha.com