

ഒരു വീട്ടിൽ പരമാവധി 2 നായകൾ; ലൈസൻസ് കർശനമാക്കും
file image
തിരുവനന്തപുരം: നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഒരു വീട്ടിൽ 2 നായകൾ എന്നതാണ് വ്യവസ്ഥ. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഈ വ്യവസ്ഥ കർശനമാക്കി പാഞ്ചായത്ത് - നഗരപാലിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തദ്ദേശ വകുപ്പിനോട് ശുപാർശ ചെയ്യാനാണ് സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചത്.
നിലവിൽ നായകളെ വളർത്താൻ ലൈസൻസുണ്ടെങ്കിലും കർശനമായി പാലിക്കപ്പെടുന്നില്ല. വാക്സിനേഷൻ നടത്തി തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിച്ച് ലൈസൻസ് വാങ്ങണമെന്നാണ് നിയമം. നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്.
നായകൾക്ക് കൃത്യമായ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്നവയെ മാത്രമേ ലൈസൻസോടെ വളർത്താനാവൂ.
മൈക്രോചിപ്പ് ഘടിപ്പിച്ചാൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥന്‍റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും. നായകളുടെ തോൾഭാഗത്ത് പ്രത്യേക ഉപകരണം വഴിയാവും ചിപ്പ് ഘടിപ്പിക്കുക. ഇതിന് ഫീസ് ഏർപ്പെടുത്തും.
രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്‌സ് ലൈസൻസ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വിൽക്കാൻ കഴിയാതെവരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.