

വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
file image
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലുള്ള നിഷാ കോണ്ടിനന്‍റല്‍ ഹോട്ടലിലെ 202-ാം മുറിയിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ നന്ദകുമാർ (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശിനിയായ ആസിയ (20) എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച ഏറെ വൈകിയിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്തേക്ക് കാണാതെ വന്നതോടെ രാത്രി 9 മണിയോടെ ഹോട്ടല്‍ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്റ്റർ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഹോട്ടലിൽ എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഹോട്ടൽ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭിന്നമതക്കാരായ ഇവരുടെ വിവാഹത്തിന് വീട്ടുകാർ അനുവദിക്കാത്തതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. മൃതദേഹങ്ങള്‍ ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.